പൂനെ: ടി20 വിക്കറ്റ് വേട്ടയില്‍ ഇന്ത്യന്‍ റെക്കോര്‍ഡിട്ട് ജസ്പ്രീത് ബുമ്ര. ശ്രീലങ്കക്കെതിരായ മൂന്നാം ടി20യില്‍ ഒരു വിക്കറ്റെടുത്തതോടെ ടി20 ക്രിക്കറ്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന ബൗളറെന്നെ നേട്ടമാണ് ബുമ്ര സ്വന്തമാക്കിയത്. ധനുഷ്ക ഗുണതിലകയെ പുറത്താക്കിയതിലൂടെ ബുമ്രയുടെ ടി20യിലെ വിക്കറ്റ് നേട്ടം 53 ആയി.

52 വിക്കറ്റ് വീതം നേടിയിട്ടുള്ള ആര്‍ അശ്വിനെയും യുസ്‌വേന്ദ്ര ചാഹലിനെയുമാണ് ബുമ്ര ഇന്ന് മറികടന്നത്. ശ്രീലങ്കക്കെതിരെ ചാഹലും പന്തെറിയാനുണ്ടായിരുന്നെങ്കിലും മൂന്നോവര്‍ ബൗള്‍ ചെയ്ത ചാഹലിന് വിക്കറ്റൊന്നും ലഭിച്ചില്ല. 53 വിക്കറ്റായതോടെ ടി20 വിക്കറ്റ് വേട്ടയില്‍ മുസ്തഫിസുര്‍ റഹ്മാന്‍, ഡ്വയിന്‍ ബ്രാവോ, സുില്‍ നരെയ്ന്‍, ഗ്രെയിം സ്വാന്‍ എന്നിവരെയും ബുമ്ര പിന്നിലാക്കി.

106 വിക്കറ്റുള്ള ലസിത് മലിംഗയാണ് ടി20 ക്രിക്കറ്റില്‍ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ ബൗളര്‍. ശ്രീലങ്കക്കെതിരെ രണ്ടോവര്‍ മാത്രമെറിഞ്ഞ ബുമ്ര ഒരു മെയ്ഡിന്‍ ഓവര്‍ അടക്കം അഞ്ച് റണ്‍സ് വഴങ്ങിയാണ് ഒരു വിക്കറ്റെടുത്തത്.