പൂനെ: ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ വണ്‍ ഡൗണായി ക്രീസിലെത്തിയ സഞ്ജു സാംസണ്‍ നേരിട്ട ആദ്യ പന്തില്‍ സിക്സര്‍ പറത്തി. സഞ്ജുവിന്റെ സിക്സര്‍ കണ്ട് ഡഗ് ഔട്ടിലിരുന്ന ക്യാപ്റ്റന്‍ വിരാട് കോലി പോലും എഴുന്നേറ്റ് നിന്ന് കൈയടിച്ചു. എന്നാല്‍ നേരിട്ട രണ്ടാം പന്തില്‍ ഹസരംഗ സഞ്ജുവിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി.

ഹസരംഗെയുടെ ഗൂഗ്ലി മനസിലാവാതെ ബാറ്റ് വെച്ച സഞ്ജുവിന് പിഴച്ചു. കെ എല്‍ രാഹുലുമായി ചര്‍ച്ച ചെയ്തശേഷം റിവ്യൂ എടുക്കാതെ ചെറു ചിരിയോടെ സഞ്ജു ഡ്രസ്സിംഗ് റൂമിലേക്ക് നടന്നു. ശീഖര്‍ ധവാനും കെ എല്‍ രാഹുലും ചേര്‍ന്ന് മികച്ച തുടക്കം നല്‍കിയതോടെ സഞ്ജുവിനെ വണ്‍ ഡൗണായി ഇറക്കാന്‍ ക്യാപ്റ്റന്‍ കോലി തീരുമാനിക്കുകയായിരുന്നു. മുമ്പ് ശിവം ദുബെയ്ക്കും കോലി ഇത്തരത്തില്‍ അവസരം നല്‍കിയിരുന്നു.

ഐപിഎല്ലില്‍ പൂനെയില്‍ സെഞ്ചുറി നേടിയിട്ടുള്ള സഞ്ജുവിന് പക്ഷെ ആ നേട്ടം ഇത്തവണ ആവര്‍ത്തിക്കാനായില്ല. പൂനെയില്‍ കളിച്ച നാല് ഇന്നിംഗ്സുകളില്‍ ഒരു സെഞ്ചുറി ഒഴികെയുള്ളതെല്ലാം സഞ്ജുവിന്റെ ഒറ്റ അക്ക സ്കോറുകളാണ്. 5(6)
5(8),102(63),2(3) എന്നിങ്ങനെയാണ് പൂനെയില്‍ സഞ്ജുവിന്റെ സ്കോര്‍.