സൂര്യകുമാറിനെ പോലെ ക്രീസിലെത്തിയാലുടന്‍ ആഞ്ഞടിക്കാന്‍ കരുത്തുള്ള സഞ്ജു നാലാമനായോ അഞ്ചാം സ്ഥാനത്തോ ടീമിലെത്തുമെന്ന് കരുതാം
ലക്‌നോ: ഈ വര്‍ഷം ടി20 ലോകകപ്പ് നടക്കാനിരിക്കേ മലയാളി ക്രിക്കറ്റര്‍ സഞ്ജു സാംസണ്‍ (Sanju Samson) ഇന്ത്യന്‍ പ്ലേയിംഗ് ഇലവനില്‍ (Team India) മടങ്ങിയെത്തുമോ എന്ന ആകാംക്ഷയിലാണ് ആരാധകരെല്ലാം. ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയ്‌ക്കുള്ള സ്‌ക്വാഡിലുള്ള സഞ്ജുവിനെ ഇന്ന് നടക്കുന്ന ആദ്യ ടി20യില്‍ (IND vs SL 1st T20I) കളിപ്പിക്കാനിടയുണ്ട്. രോഹിത് ശര്‍മ്മ (Rohit Sharma) നല്‍കുന്ന സൂചനയും സഞ്ജുവിന് പ്രതീക്ഷയാണ്. എന്നാല്‍ അത്രയെളുപ്പം ഇന്ത്യന്‍ പ്ലേയിംഗ് ഇലവനില്‍ ഇടംപിടിക്കാന്‍ സഞ്ജുവിനാകുമോ? സാധ്യതകള്‍ നോക്കാം.
പരിക്ക്, വിശ്രമം...വഴിതുറക്കുന്ന സാധ്യതകള്‍
പരിക്കേറ്റ സൂര്യകുമാര്‍ യാദവ് ശ്രീലങ്കയ്‌ക്കെതിരെ ടി20 പരമ്പരയില്‍ കളിക്കില്ല. വിരാട് കോലിക്കും റിഷഭ് പന്തിനും നേരത്തെ വിശ്രമം അനുവദിച്ചിരുന്നു. ഇതോടെ ഇന്ത്യന്‍ ടീമില്‍ ബാറ്റര്‍മാരായി നിലവില്‍ നായകന്‍ രോഹിത് ശര്‍മ്മ, റുതുരാജ് ഗെയ്‌ക്‌വാദ്, ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, വെങ്കടേഷ് അയ്യര്‍ എന്നിവരാണുള്ളത്. രോഹിത്തും ഇടംകൈയന്‍ ബാറ്റര്‍ ഇഷാന്‍ കിഷനും ടീമില്‍ സ്ഥാനമുറപ്പ്. വിന്‍ഡീസിനെതിരെ കളിച്ചപോലെ വെങ്കടേഷ് ആറാം നമ്പറില്‍ തുടരാനാണ് സാധ്യത. ഏഴാമനായി സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ തിരിച്ചെത്തും. സൂര്യകുമാറിനെ പോലെ ക്രീസിലെത്തിയാലുടന്‍ ആഞ്ഞടിക്കാന്‍ കരുത്തുള്ള സഞ്ജു നാലാമനായോ അഞ്ചാം സ്ഥാനത്തോ ടീമിലെത്തുമെന്ന് കരുതാം.
കളത്തിലിറങ്ങിയാല്‍ സുവര്‍ണാവസരം
10 രാജ്യാന്തര ടി20യില്‍ 117 റണ്‍സാണ് സഞ്ജു സാംസണ്‍ നേടിയിട്ടുള്ളത്. പൊതുവേ ഇന്നിംഗ്‌സിന്‍റെ തുടക്കത്തില്‍ സ്‌പിന്നര്‍മാരെ നേരിടുന്നത് സഞ്ജു അത്ര ഇഷ്‌ടപ്പെടുന്നില്ല. ലങ്കയാവട്ടെ ഇരുവശത്തുനിന്നും സ്‌പിന്‍ ആക്രമണത്തിന് സാധ്യതയുണ്ട്. സഞ്ജുവിന് മുന്നില്‍ വെല്ലുവിളി ഏറെയുണ്ട് എന്ന് വ്യക്തം. അതേസമയം ഐസൊലേഷനിൽ തുടരുന്ന ലങ്കന്‍ സ്‌പിന്നര്‍ വാനിന്ദു ഹസരങ്ക ഇന്ന് കളിക്കില്ലെന്നുറപ്പാണ്. സഞ്ജു സാംസണെതിരെ മികച്ച റെക്കോര്‍ഡുള്ള താരമാണ് ഹസരങ്ക. 11 പന്തുകളില്‍ മൂന്ന് തവണ സഞ്ജുവിന്‍റെ വിക്കറ്റെടുക്കാന്‍ ഹസരങ്കയ്ക്ക് സാധിച്ചിട്ടുണ്ട്. നിലവില്‍ ഐസിസി ടി20 ബൗളര്‍മാരുടെ റാങ്കിംഗില്‍ നാലാം സ്ഥാനത്താണ് ഹസരങ്ക.
പ്രതീക്ഷ നല്‍കി രോഹിത് ശര്‍മ്മ
ലങ്കയ്‌ക്കെതിരായ ടി20 പരമ്പരയ്‌ക്ക് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തിലെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയുടെ വാക്കുകള്‍ സഞ്ജു സാംസണ് പ്രതീക്ഷ നല്‍കുന്നതാണ്. ഒറ്റയ്ക്ക് കളി ജയിപ്പിക്കാൻ കഴിയുന്ന താരമാണ് സഞ്ജുവെന്നാണ് രോഹിത്തിന്‍റെ പ്രശംസ. ഓസ്ട്രേലിയൻ സാഹചര്യങ്ങൾക്ക് അനുയോജ്യനായ സഞ്ജുവിന് ആത്മവിശ്വാസവും പിന്തുണയും നൽകും. ലോകകപ്പ് ടീമിലേക്ക് സഞ്ജുവിനെ പരിഗണിക്കുമെന്നും ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശര്‍മ്മ വ്യക്തമാക്കി. സൂര്യകുമാർ യാദവിനും ദീപക് ചാഹറിനും പകരക്കാരെ ഉൾപ്പെടുത്താത്തതിനാൽ ലങ്കയ്‌ക്കെതിരെ സഞ്ജു സാംസൺ ടീമിലെത്താന്‍ തന്നെയാണ് സാധ്യത.
