വിശാഖപട്ടണം: ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ രണ്ടാം മത്സരം നാളെ നടക്കും. വിശാഖപ്പട്ടണത്ത് ഉച്ചയ്ക്ക് 1.30നാണ് മത്സരം. ആദ്യ മത്സരം വിന്‍ഡീസ് ജയിച്ചതോടെ അവസാന രണ്ട് കളിയും ഇന്ത്യക്ക് ജീവന്മരണപോരാട്ടമായി. ഒരു ജയം കൂടി നേടിയാൽ വിന്‍ഡീസിന് 2002ന് ശേഷം ഇന്ത്യയിൽ ആദ്യമായി ഒരു പരമ്പര സ്വന്തമാക്കാം.

ഷെമ്രോണ്‍ ഹെറ്റ്മയറിന്‍റെയും ഷായ് ഹോപ്പിന്‍റെയും മികച്ച ഫോം ആണ് വിന്‍ഡീസിന് പ്രതീക്ഷ നൽകുന്നത്. അതേസയം, ബൗളിംഗിലെ പോരായ്മയാണ് ഇന്ത്യയെ തളര്‍ത്തുന്നത്. അഞ്ചാം ബൗളറുടെ അഭാവം നികത്താന്‍ ശിവം ദുബെയ്ക്കും കേദാര്‍ ജാദവിനും കഴിയാത്തത് ടീമില്‍ മാറ്റങ്ങള്‍ക്ക് കാരണമായേക്കും. ചെന്നൈയിലെ സ്ലോ ട്രാക്കില്‍ വിക്കറ്റെടുക്കാന്‍ ജഡേജയും കുല്‍ദീപ് യാദവും പരാജയപ്പെടുകയും ചെയ്തു.

ബാറ്റിംഗില്‍ ശ്രേയസ് അയ്യരുടെയും ഋഷഭ് പന്തിന്റെയും ഫോം ഇന്ത്യക്ക് ആശ്വാസം പകരുന്നതാണ്. രോഹിത് ശര്‍മയില്‍ നിന്ന് വലിയൊരു ഇന്നിംഗ്സ് ആരാധകര്‍ പ്രതീക്ഷിക്കുന്നുണ്ട്. ക്യാപ്റ്റന്‍ വിരാട് കോലിയും തിളങ്ങുമെന്നാണ് ഇന്ത്യന്‍ പ്രതീക്ഷ. ചേസ് ചെയ്യുമ്പോഴുള്ള മികവ് ആദ്യം ബാറ്റ് ചെയ്യുമ്പോഴില്ല എന്നതാണ് ഇന്ത്യയുടെ പ്രധാന വെല്ലുവിളി.

വിശാഖപട്ടണത്തെ പിച്ച് ബാറ്റിംഗിനെ തുണയ്ക്കുന്നതാണ്. എന്നാല്‍ രാത്രിയിലെ മഞ്ഞുവീഴ്ച രണ്ടാമത് ബൗള്‍ ചെയ്യുന്ന ടീമിന് പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നതിനാല്‍ ടോസ് നാളെയും നിര്‍ണായകമാകും.