ഇന്ത്യക്കായി നായകന്‍ രോഹിത് ശര്‍മ്മയ്‌ക്കൊപ്പം വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്താണ് ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്‌തത്
അഹമ്മദാബാദ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തിലെ (IND vs WI 2nd ODI ) ഇന്ത്യന്‍ ബാറ്റിംഗ് ക്രമത്തില്‍ അത്ഭുതം പ്രകടിപ്പിച്ച് ഇതിഹാസ താരം സുനില്‍ ഗാവസ്‌കര്‍ (Sunil Gavaskar). നിലവിലെ ടീം ഒരു താരത്തെ മിസ് ചെയ്യുന്നുണ്ടെന്നും ഇന്ത്യന്‍ (Team India) മുന്‍ നായകന്‍ വ്യക്തമാക്കി. ടീം ഇന്ത്യയുടെ ബാറ്റിംഗ് ക്രമത്തില്‍ തന്‍റെ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കുന്നുണ്ട് ഗാവസ്‌കര്‍.
'സത്യസന്ധമായി പറഞ്ഞാല്‍ റിഷഭ് പന്ത് ഓപ്പണറുടെ റോളിലെത്തിയത് അമ്പരപ്പിച്ചു. കാരണം ടീമിന്‍റെ സാഹചര്യം അനുസരിച്ച് ആറ്, ഏഴ് നമ്പറുകളില്‍ കളിക്കേണ്ട താരമാണ് റിഷഭ് എന്നാണ് എപ്പോഴും എന്‍റെ വിശ്വാസം. റിഷഭായിരിക്കണം ഫിനിഷര്‍. ഓപ്പണിംഗില്‍ രോഹിത് ശര്‍മ്മയ്‌ക്കൊപ്പം കെ എല്‍ രാഹുല്‍ വരണം. സൂര്യകുമാര്‍ യാദവ് നാലാം നമ്പറില്‍ ബാറ്റ് ചെയ്യണം. റിഷഭ് പന്തിന് ശേഷം വാഷിംഗ്‌ടണ്‍ സുന്ദര്‍ വരണം. ഏഴോ എട്ടോ നമ്പറുകളില്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ ടീം ഇന്ത്യ മിസ് ചെയ്യുന്നുണ്ട്. ഏറെ റണ്‍സ് കണ്ടെത്തുകയും കൂറ്റനടികള്‍ നടത്തുകയും ചെയ്യുന്ന താരമാണയാള്‍. അതിനൊപ്പം മികച്ച ഫീല്‍ഡറും മധ്യ ഓവറുകളില്‍ വിക്കറ്റെടുക്കുന്ന ബൗളറും. രവീന്ദ്ര ജഡേജയെ ഈ ഇന്ത്യന്‍ ടീം ഏറെ മിസ് ചെയ്യുന്നതായും' ഗാവസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.
വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനം 44 റണ്‍സിന് വിജയിച്ച് ടീം ഇന്ത്യ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-0ന് സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയര്‍ത്തിയ 238 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസ് 46 ഓവറില്‍ 193 റണ്‍സിന് ഓള്‍ഔട്ടായി. ഒമ്പതോവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്ത പ്രസിദ്ധ് കൃഷ്ണ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടു. സ്കോര്‍: ഇന്ത്യ- 50 ഓവറില്‍ 237-9, വെസ്റ്റ് ഇന്‍ഡീസ്- 46 ഓവറില്‍ 193ന് ഓള്‍ഔട്ട്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി നായകന്‍ രോഹിത് ശര്‍മ്മയ്‌ക്കൊപ്പം വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്താണ് ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്‌തത്. കൊവിഡ് ബാധിച്ച ശിഖര്‍ ധവാന്‍റെ അഭാവത്തില്‍ പരീക്ഷണത്തിന് മുതിരുകയായിരുന്നു ഇന്ത്യ. റിഷഭ് 34 പന്തില്‍ 18 റണ്‍സ് മാത്രമെടുത്ത് പുറത്തായി. രോഹിത് ശര്‍മ്മ അഞ്ചിനും വിരാട് കോലി 18നും മടങ്ങിയപ്പോള്‍ കെ എല്‍ രാഹുല്‍(48 പന്തില്‍ 49), സൂര്യകുമാര്‍ യാദവ്(83 പന്തില്‍ 64) എന്നിവരാണ് ഇന്ത്യയെ കരകയറ്റിയത്. ആറാമനായെത്തിയ വാഷിംഗ്‌ടണ്‍ സുന്ദര്‍ 24ഉം പിന്നാലെ ദീപക് ഹൂഡ 29ഉം റണ്‍സ് നേടി.
Virat Kohli : വിരാട് കോലിക്ക് എന്തുപറ്റിയെന്ന് പിടികിട്ടുന്നില്ല; ഞെട്ടല്‍ രേഖപ്പെടുത്തി മുന്‍താരം
