മൂന്നാം നമ്പറില്‍ ഇഷാന്‍ കിഷനും നാലാം നമ്പറില്‍ മലയാളി താരം സഞ്ജു സാംസണും അഞ്ചാമനായില്‍ സൂര്യകുമാര്‍ യാദവും തുടര്‍ന്നേക്കും. സഞ്ജുവിനും സൂര്യകുമാറിനും ഇന്നത്തെ മത്സരം ഏറെ നിര്‍ണായകമാണ്.
ട്രിനിഡാഡ്: ടെസ്റ്റ് പരമ്പരക്ക് പിന്നാലെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയും സ്വന്തമാക്കാന്‍ ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിനിറങ്ങും. ആദ്യ രണ്ട് ഏകദിനങ്ങളിലെയും ബാറ്റിംഗ് പരീക്ഷണങ്ങള്‍ അവസാനിപ്പിച്ച് ക്യാപ്റ്റനും ഓപ്പണറുമായി രോഹിത് ശര്‍മ ടീമില്‍ തിരിച്ചത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യ ഏകദിനത്തില്‍ ടീമിലുണ്ടായിട്ടും ഏഴാമനായാണ് രോഹിത് ക്രീസിലെത്തിയത്. വിരാട് കോലി ബാറ്റിംഗിന് ഇറങ്ങിയില്ല. രണ്ടാം ഏകദിനത്തില്‍ ഇരുവര്‍ക്കും വിശ്രം അനുവദിച്ചപ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യയാണ് ഇന്ത്യയെ നയിച്ചത്.
രോഹിത് തിരിച്ചെത്തുമെങ്കിലും കോലിക്ക് ഇന്നും വിശ്രമം അനുവദിച്ചേക്കുമെന്നാണ് സൂചന. രണ്ടാം ഏകദിനത്തിനുശേഷം ബാര്‍ബഡോസില്‍ നിന്ന് ഇന്ത്യന്‍ ടീമിനൊപ്പം കോലി ട്രിനിഡാഡില്‍ എത്തിയിരുന്നില്ല. വൈകി ടീമിനൊപ്പം ചേര്‍ന്ന കോലി ഇന്ന് കളിക്കാനുള്ള സാധ്യത കുറവാണെന്നാണ് സൂചന. ഏഷ്യാ കപ്പിന് മുമ്പ് ഫോം വീണ്ടെടുക്കാന്‍ ശുഭ്മാന്‍ ഗില്ലിന് ഇന്നും ഓപ്പണിംഗില്‍ അവസരം നല്‍കും. രോഹിത് തിരിച്ചെത്തിയാല്‍ രോഹിത്തും ഗില്ലുമാകും ഓപ്പണര്‍മാര്‍.
മൂന്നാം നമ്പറില്‍ ഇഷാന്‍ കിഷനും നാലാം നമ്പറില്‍ മലയാളി താരം സഞ്ജു സാംസണും അഞ്ചാമനായില്‍ സൂര്യകുമാര്‍ യാദവും തുടര്‍ന്നേക്കും. സഞ്ജുവിനും സൂര്യകുമാറിനും ഇന്നത്തെ മത്സരം ഏറെ നിര്‍ണായകമാണ്. ആദ്യ രണ്ട് ഏകദിനങ്ങളിലും അര്‍ധസെഞ്ചുറിയുമായി തിളങ്ങിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍ ലോകകപ്പ് ടീമിലെ രണ്ടാം വിക്കറ്റ് കീപ്പര്‍ സ്ഥാനം ഏറെക്കുറെ ഉറപ്പിച്ചിട്ടുണ്ട്. കിഷനെ വെല്ലുന്നൊരു പ്രകടനം പുറത്തെടുത്താല്‍ മാത്രമെ സഞ്ജുവിന് ലോകകപ്പ് ടീമിലെത്താനുള്ള വഴി തുറക്കാനാവു.
ഹാര്‍ദ്ദിക് പാണ്ഡ്യ ആറാം നമ്പറില്‍ ഇറങ്ങുമ്പോള്‍ അക്സര്‍ പട്ടേലാവും രവീന്ദ്ര ജഡേജയുടെ സ്ഥാനത്ത് ടീമിലെത്തുക എന്നാണ് കരുതുന്നത്. ഷാര്‍ദ്ദുല്‍ താക്കൂര്‍ പേസ് ഓള്‍ റൗണ്ടറായി ടീമില്‍ തുടരും. കുല്‍ദീപ് യാദവിന് പകരം യുസ്‌വേന്ദ്ര ചാഹലും ഇന്ന് പ്ലേയിംഗ് ഇലവനില്‍ കളിച്ചേക്കും. മുകേഷ് കുമാറും ഉമ്രാന്‍ മാലിക്കുമായിരിക്കും ടീമിലെ മറ്റ് രണ്ട് പേസര്‍മാര്‍. ബ്രയാന്‍ ലാറ സ്റ്റേഡിയത്തിലെ പിച്ചും സ്പിന്നിനെ തുണക്കുന്നതായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെവന്നാല്‍ താക്കൂറിനോ മുകേഷിനോ പകരം കുല്‍ദീപ് യാദവ് ടീമില്‍ തുടരാനും സാധ്യതയുണ്ട്.
വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തിനുള്ള ഇന്ത്യയുടെ സാധ്യാ ടീം: രോഹിത് ശര്‍മ, ശുഭ്മാൻ ഗിൽ, ഇഷാന്‍ കിഷന്‍, സഞ്ജു സാംസൺ, സൂര്യകുമാര്‍ യാദവ്, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, ഷാർദ്ദുൽ താക്കൂർ/കുൽദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍, ഉമ്രാൻ മാലിക്, മുകേഷ് കുമാർ.
