പരമ്പര നേടിക്കഴിഞ്ഞതിനാൽ കുൽദീപ് യാദവിനും പുതുമുഖം രവി ബിഷ്ണോയിക്കും അവസരം നൽകുന്നതും പരിഗണനയിലുണ്ട്

അഹമ്മദാബാദ്: വിൻഡീസിനെതിരായ ഏകദിന പരമ്പര (India vs West Indies ODI Series) തൂത്തുവാരാൻ ടീം ഇന്ത്യ (Team India) ഇന്നിറങ്ങും. അഹമ്മദാബാദിൽ ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് കളി തുടങ്ങുക. ഓപ്പണർ ശിഖർ ധവാൻ (Shikhar Dhawan) ടീമിൽ തിരിച്ചെത്തും. ദീപക് ഹൂഡയ്ക്ക് സ്ഥാനം നഷ്ടമാവാനാണ് സാധ്യത. ധവാന്‍റെ അഭാവത്തിൽ ആദ്യ മത്സരത്തിൽ ഇഷാൻ കിഷനും (Ishan Kishan) രണ്ടാം മത്സരത്തിൽ റിഷഭ് പന്തുമാണ് (Rishabh Pant) രോഹിത് ശർമ്മയ്ക്കൊപ്പം (Rohit Sharma) ഓപ്പൺ ചെയ്തത്. 

ഇതോടെ കെ എൽ രാഹുൽ മധ്യനിരയിൽ തുടരും. പരമ്പര നേടിക്കഴിഞ്ഞതിനാൽ കുൽദീപ് യാദവിനും പുതുമുഖം രവി ബിഷ്ണോയിക്കും അവസരം നൽകുന്നതും പരിഗണനയിലുണ്ട്. ആശ്വാസ ജയം തേടുന്ന വിൻഡീസിന് ബാറ്റിംഗാണ് പ്രധാന തലവേദന. അവസാന പതിനേഴ് കളിയിൽ പതിനൊന്നാം തവണയാണ് വിൻഡീസ് 50 ഓവർ പൂർത്തിയാവും മുൻപ് പുറത്താവുന്നത്. 

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനം 44 റണ്‍സിന് വിജയിച്ച് ടീം ഇന്ത്യ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-0ന് സ്വന്തമാക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയര്‍ത്തിയ 238 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസ് 46 ഓവറില്‍ 193 റണ്‍സിന് ഓള്‍ഔട്ടായി. ഒമ്പതോവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്ത പ്രസിദ്ധ് കൃഷ്ണ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടു. സ്കോര്‍: ഇന്ത്യ- 50 ഓവറില്‍ 237-9, വെസ്റ്റ് ഇന്‍ഡീസ്- 46 ഓവറില്‍ 193ന് ഓള്‍ഔട്ട്. 

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി നായകന്‍ രോഹിത് ശര്‍മ്മയ്‌ക്കൊപ്പം വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്താണ് ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്‌തത്. കൊവിഡ് ബാധിച്ച ശിഖര്‍ ധവാന്‍റെ അഭാവത്തില്‍ പരീക്ഷണത്തിന് മുതിരുകയായിരുന്നു ഇന്ത്യ. റിഷഭ് 34 പന്തില്‍ 18 റണ്‍സ് മാത്രമെടുത്ത് പുറത്തായി. രോഹിത് ശര്‍മ്മ അഞ്ചിനും വിരാട് കോലി 18നും മടങ്ങിയപ്പോള്‍ കെ എല്‍ രാഹുല്‍(48 പന്തില്‍ 49), സൂര്യകുമാര്‍ യാദവ്(83 പന്തില്‍ 64) എന്നിവരാണ് ഇന്ത്യയെ കരകയറ്റിയത്. ആറാമനായെത്തിയ വാഷിംഗ്‌ടണ്‍ സുന്ദര്‍ 24ഉം പിന്നാലെ ദീപക് ഹൂഡ 29ഉം റണ്‍സ് നേടി. 

IND vs WI : ഒരുതാരത്തെ മിസ് ചെയ്യുന്നു; ടീം ഇന്ത്യയുടെ ബാറ്റിംഗ് ഓര്‍ഡറില്‍ അത്ഭുതമെന്ന് സുനില്‍ ഗാവസ്‌കര്‍