അക്യുവെതറിന്‍റെ റിപ്പോർട്ട് പ്രകാരം ശനിയാഴ്ച ബെംഗളൂരുവിൽ മഴ പെയ്യാൻ 90 ശതമാനം സാധ്യതയാണുള്ളത്. ഉച്ചയ്ക്ക് ശേഷമായിരിക്കും മഴ കനക്കുക.

ബെംഗളൂരു: ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ടി20 പരമ്പരയിലെ അവസാനത്തെയും അഞ്ചാമത്തെയും പോരാട്ടത്തിന് മഴ ഭീഷണി. ശനിയാഴ്ച ബെംഗളൂരു എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കേണ്ട നിർണായക മത്സരം മഴമൂലം തടസപ്പെടാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. വെള്ളിയാഴ്ച നഗരത്തിൽ പെയ്ത കനത്ത മഴയിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു.

അക്യുവെതറിന്‍റെ റിപ്പോർട്ട് പ്രകാരം ശനിയാഴ്ച ബെംഗളൂരുവിൽ മഴ പെയ്യാൻ 90 ശതമാനം സാധ്യതയാണുള്ളത്. ഉച്ചയ്ക്ക് ശേഷമായിരിക്കും മഴ കനക്കുക. മത്സരം ആരംഭിക്കുന്ന വൈകുന്നേരം 7 മണിയോടെ 64 ശതമാനത്തോളം മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് വിവരങ്ങൾ സൂചിപ്പിക്കുന്നത്. രാത്രി വൈകിയും മഴ തുടരാൻ സാധ്യതയുള്ളത് ആരാധകരെ ആശങ്കയിലാക്കുന്നുണ്ട്.

നിലവിൽ പരമ്പര 2-2 എന്ന നിലയിൽ സമനിലയിലാണ് നിൽക്കുന്നത്. ആദ്യ മത്സരത്തിൽ ലക്നൗവിൽ ഇന്ത്യ ജയിച്ചപ്പോൾ, റാഞ്ചിയിൽ നടന്ന രണ്ടാം ടി20യിൽ 250 റൺസ് പിന്തുടർന്ന് വിജയിച്ച് വിൻഡീസ് തിരിച്ചടിച്ചു. മൂന്നാം മത്സരത്തിൽ ഇൻഡേറിൽ 223 റൺസ് പ്രതിരോധിച്ച് ഇന്ത്യ ജയം പിടിച്ചെങ്കിലും, ഹൈദരാബാദിൽ നടന്ന നാലാം മത്സരത്തിൽ 248 റൺസ് പിന്തുടരുന്നതിനിടെ 24 റൺസിന് ഇന്ത്യ പരാജയപ്പെടുകയായിരുന്നു.

ഓരോ മത്സരത്തിലും 200-ന് മുകളിൽ റൺസ് ഒഴുകുന്ന പരമ്പരയായതിനാൽ തന്നെ ചിന്നസ്വാമിയിലെ ചെറിയ ബൗണ്ടറികളിൽ മറ്റൊരു റൺവേട്ടയ്ക്കായി ആരാധകർ കാത്തിരിക്കുകയായിരുന്നു. എന്നാൽ മഴ വില്ലനായാൽ പരമ്പര വിജയികളെ തീരുമാനിക്കുന്നത് തടസപ്പെടും. അതിനിടെ, പരിക്കേറ്റ പേസർ അർഷ്ദീപ് സിംഗിന് പകരം ഭുവനേശ്വർ കുമാറിനെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Scroll to load tweet…

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക