വിശാഖപട്ടണം: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ നിര്‍ണായക മൂന്നാം മത്സരത്തിനിറങ്ങും മുമ്പ് ഇന്ത്യക്ക് തിരിച്ചടി. പേസ് ബൗളര്‍ ദീപക് ചാഹറിന് പരിക്കേറ്റതിനാല്‍ മൂന്നാം ഏകദിനത്തില്‍ കളിക്കില്ല. ചാഹറിന് പകരക്കാരനായി നവദീപ് സെയ്നിയെ ടീമില്‍ ഉള്‍പ്പെടുത്തി. രണ്ടാം ഏകദിനത്തിനിടെയാണ് ചാഹറിന് പുറം വേദന അവുഭവപ്പെട്ടത്.

വിന്‍ഡീസിനെതിരായ ടി20 പരമ്പരക്കിടെ പരിക്കേറ്റ് ഭുവനേശ്വര്‍ കുമാര്‍ പുറത്തായതിന് പിന്നാലെയാണ് മികച്ച ഫോമിലുള്ള ചാഹറും പരിക്കേറ്റ് പുറത്തുപോകുന്നത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും കളിച്ച ചാഹര്‍ രണ്ട് വിക്കറ്റെ വീഴ്ത്തിയുള്ളുവെങ്കിലും റണ്‍ നിയന്ത്രിക്കുന്നതില്‍ മിടുക്ക് കാട്ടിയിരുന്നു.

ഏകദിന പരമ്പരക്കുള്ള ടീമിലുണ്ടായിരുന്ന ഓപ്പണര്‍ ശിഖര്‍ ധവാനും നേരത്തെ പരിക്കേറ്റ് പിന്‍മാറിയിരുന്നു. മായങ്ക് അഗര്‍വാളാണ് ധവാന് പകരം ടീമിലെത്തിയത്.  ഏകദിന പരമ്പരയിലെ ആദ്യ മത്സരം വെസ്റ്റ് ഇന്‍ഡീസ് ജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ ഇന്ത്യ ജയിച്ചു. നിര്‍ണായക മൂന്നാം മത്സരം ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം.