വിശാഖപട്ടണം: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിന് ബുധനാഴ്ച വിശാഖപട്ടണത്ത് ഇറങ്ങുമ്പോള്‍ 17 വര്‍ഷത്തിനുശേഷം ഇന്ത്യയില്‍ ആദ്യ പരമ്പരയെന്ന നേട്ടത്തിനരികെയാണ് വെസ്റ്റ് ഇന്‍ഡീസ്. ആദ്യ മത്സരത്തിലെ അപ്രതീക്ഷീത തോല്‍വിയോടെ പരമ്പര കൈവിടുന്നതിന്റെ വക്കിലാണ് ഇന്ത്യ.

ഇനിയൊരു തോല്‍വി പരമ്പര നഷ്ടമാക്കുമെന്നതിനാല്‍ കരതുലോടെയാവും കോലിപ്പട വിശാഖപട്ടണത്ത് ഇറങ്ങുക. ആദ്യമത്സരത്തിലെ ബൗളിംഗ് പാളിച്ചകള്‍ പരിഹരിക്കേണ്ടതുണ്ട് എന്നതിനാല്‍ ബൗളിംഗ് നിരയില്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. വിന്‍ഡീസിനെതിരെ രണ്ടാം ഏകദിനത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ടീം.

ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും രോഹിത് ശര്‍മയും കെ എല്‍ രാഹുലും തന്നെയാവും ഓപ്പണര്‍മാരായി എത്തുക. വണ്‍ ഡൗണായി ക്യാപ്റ്റന്‍ വിരാട് കോലി എത്തുമ്പോള്‍ നാലാം നമ്പറില്‍ ശ്രേയസ് അയ്യര്‍ കളിക്കും. ടി20യില്‍ നിരാശപ്പെടുത്തിയ അയ്യര്‍ ആദ്യ മത്സരത്തിലെ അര്‍ധസെഞ്ചുറിയോടെ നാലാം നമ്പറില്‍ ഇരിപ്പുറപ്പിച്ചിട്ടുണ്ട്.

അഞ്ചാമനായി കഴിഞ്ഞ മത്സരത്തിലെത്തിയ ഋഷഭ് പന്ത് അര്‍ധ സെഞ്ചുറിയുമായി തിളങ്ങിയതിനാല്‍ ഇത്തവണയും അതേസ്ഥാനത്ത് കളിച്ചേക്കും. കേദാര്‍ ജാദവ് ആറാമനായി എത്തും. പാര്‍ട് ടൈം ബൗളറായ ജാദവിന് പക്ഷെ ആദ്യ മത്സരത്തില്‍ ബൗളിംഗില്‍ തിളങ്ങാനായിരുന്നില്ല.  ഏഴാമനായി കഴിഞ്ഞ മത്സരത്തിലെത്തിയ ശിവം ദുബെ പുറത്ത് പോകാനാണ് സാധ്യത.

ദുബെയെ പുറത്തിരുത്തി മൂന്ന് സ്പിന്നര്‍മാരുമായി ഇന്ത്യ ഇറങ്ങിയേക്കും. അങ്ങനെ വന്നാല്‍ രവീന്ദ്ര ജഡേജയും കുല്‍ദീപ് യാദവും യുസ്‌വേന്ദ്ര ചാഹലും സ്പിന്നര്‍മാരായി അന്തിമ ഇലവനില്‍ എത്തും. അഞ്ച് സ്പെഷലിസ്റ്റ് ബൗളറും കേദാര്‍ ജാദവിന്റെ പാര്‍ട് ടൈ സ്പിന്നും ചേര്‍ന്നാല്‍ ബൗളിംഗിലെ പോരായ്മകള്‍ക്ക് പരിഹാരമാകുമെന്നാണ് കരുതുന്നത്,. പേസര്‍മാരായി മുഹമ്മദ് ഷമിയും ദീപക് ചാഹറും തന്നെ അന്തിമ ഇലവനില്‍ തുടരും.