മൂന്നാം മത്സരത്തിൽ 96 റൺസിന് ജയിച്ചതോടെ വിന്‍ഡീസിനെതിരായ ഏകദിന പരമ്പര 3-0ന് ടീം ഇന്ത്യ സ്വന്തമാക്കുകയായിരുന്നു

അഹമ്മദാബാദ്: വെസ്റ്റ് ഇന്‍ഡീസിനെ (India vs West Indies ODI Series) തൂത്തെറിഞ്ഞ് ഏകദിന നായകപദവിയില്‍ രോഹിത് ശര്‍മ്മയ്ക്ക് (Rohit Sharma) തകര്‍പ്പന്‍ തുടക്കം. വിന്‍ഡീസിനെതിരെ പരമ്പര തൂത്തുവാരിയതോടെ നായകനായുള്ള 13 ഏകദിനങ്ങളില്‍ രോഹിത് ശര്‍മ്മയ്ക്ക് 11 വിജയങ്ങളായി. 84.61 ആണ് രോഹിത്തിന്‍റെ വിജയശതമാനം. ആദ്യ 13 മത്സരങ്ങളില്‍ പത്തിൽ ജയിച്ച വിരാട് കോലിയുടെ (Virat Kohli) റെക്കോര്‍ഡ് രോഹിത് മറികടന്നു. ഇംഗ്ലണ്ടിൽ ജൂലൈ 12നാണ് ഇന്ത്യയുടെ (Team India) അടുത്ത ഏകദിന പരമ്പര തുടങ്ങുന്നത്.

മൂന്നാം മത്സരത്തിൽ 96 റൺസിന് ജയിച്ചതോടെ വിന്‍ഡീസിനെതിരായ ഏകദിന പരമ്പര 3-0ന് ടീം ഇന്ത്യ സ്വന്തമാക്കുകയായിരുന്നു. നേരത്തെ ആദ്യ ഏകദിനം ആറ് വിക്കറ്റിനും രണ്ടാമത്തേത് 44 റണ്‍സിനും ഇന്ത്യ വിജയിച്ചിരുന്നു. മൂന്ന് മത്സരത്തില്‍ ഒന്‍പത് വിക്കറ്റുകളോടെ ഇന്ത്യന്‍ യുവപേസര്‍ പ്രസിദ്ധ് കൃഷ്‌ണ പരമ്പരയുടെ താരമായി തെര‍ഞ്ഞെടുക്കപ്പെട്ടു. ആദ്യ മത്സരത്തിൽ രണ്ടും രണ്ടാം ഏകദിനത്തില്‍ നാലും വിക്കറ്റ് വീഴ്ത്തിയ പ്രസിദ്ധ് ഇന്നലെ മൂന്ന് വിന്‍ഡീസ് താരങ്ങളെ പുറത്താക്കി. പരമ്പരയിലെ 27 ഓവറില്‍ 68 റൺസ് മാത്രമാണ് പ്രസിദ്ധ് വഴങ്ങിയത്. ആദ്യമായാണ് പ്രസിദ്ധ് മാന്‍ ഓഫ് ദ് സീരീസ് പുരസ്‌കാരം നേടുന്നത്.

മൂന്നാം മത്സരത്തിൽ 96 റൺസിന് ഇന്ത്യ ജയിച്ചു. 266 റൺസ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസ് 169 റൺസിന് ഓള്‍ഔട്ടായി. ഇന്ത്യക്കായി പ്രസിദ്ധ് കൃഷ്ണയും മുഹമ്മദ് സിറാജും മൂന്ന് വിക്കറ്റ് വീതവും ദീപക് ചാഹര്‍ രണ്ട് വിക്കറ്റും വീഴ്ത്തി. ആദ്യം ബാറ്റുചെയ്ത ഇന്ത്യക്കായി 80 റൺസെടുത്ത ശ്രേയസ് അയ്യറും 56 റൺസെടുത്ത റിഷഭ് പന്തുമാണ് തിളങ്ങിയത്. 13 റൺസെടുത്ത നായകന്‍ രോഹിത് ശര്‍മ്മയും 10 റൺസെടുത്ത ശിഖര്‍ ധവാനും നിരാശപ്പെടുത്തി. വിരാട് കോലി പൂജ്യത്തിന് പുറത്തായി. ശ്രേയസ് അയ്യര്‍ ആണ് മാന്‍ ഓഫ് ദ് മാച്ച്. ആദ്യമായാണ് വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ എല്ലാ കളിയും ഇന്ത്യ ജയിക്കുന്നത്. 

IND vs WI : വിമര്‍ശകര്‍ക്ക് ചുട്ടമറുപടി! വിരാട് കോലിക്ക് പൂര്‍ണ പിന്തുണയുമായി രോഹിത് ശര്‍മ്മ