ഫ്ലോറിഡ: വിക്കറ്റിന് പിന്നില്‍ എം എസ് ധോണിയുണ്ടെങ്കില്‍ അമ്പയറുടെ തീരുമാനം റിവ്യൂ ചെയ്യാനുള്ള ഡിസിഷന്‍ റിവ്യൂ സിസ്റ്റം എടുക്കാന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് അധികം ആലോചിക്കേണ്ടിവരാറില്ല. കാരണം ധോണിയുടെ കണക്കുകൂട്ടല്‍ അപൂര്‍വമായെ പിഴക്കാറുള്ളു എന്നതു തന്നെ. അതുകൊണ്ടുതന്നെ ഡിആര്‍എസിനെ ഇന്ത്യന്‍ ആരാധകര്‍ സ്നേഹപൂര്‍വം ധോണി റിവ്യൂ സിസ്റ്റം എന്ന് വിളിക്കാറുമുണ്ട്.

വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലെ ആദ്യ ടി20യില്‍ ഡിആര്‍എസിലെ കൃത്യതയിലൂടെ വിക്കറ്റിന് പിന്നില്‍ ധോണിയുടെ യഥാര്‍ത്ഥ പിന്‍ഗാമിയാണെന്ന് തെളിയിച്ചിരിക്കുകയാണ് യുവതാരം ഋഷഭ് പന്ത്. വിന്‍ഡീസ് ഇന്നിംഗ്സിന്റെ അവസാന ഓവറിലായിരുന്നു രസകരമായ സംഭവം. നവദീപ് സെയ്നി എറിഞ്ഞ അവസാന ഓവറിലെ ആദ്യ രണ്ട് പന്തിലും ക്രീസിലുണ്ടായിരുന്ന കീറോണ്‍ പൊള്ളാര്‍ഡിന് റണ്ണൊന്നും എടുക്കാനായില്ല. മൂന്നാം പന്തില്‍ ആഞ്ഞടിക്കാന്‍ ശ്രമിച്ച പൊള്ളാര്‍ഡിനെ സ്ലോ ഫുള്‍ട്ടോസ് എറിഞ്ഞ് സെയ്നി കബളിപ്പിച്ചു.

പന്ത് നേരെ പാഡില്‍ കൊണ്ടെങ്കിലും സെയ്നി എല്‍ബിഡബ്ല്യുവിനായി ശക്തമായി അപ്പീല്‍ ചെയ്തില്ല. എന്നാല്‍ വിക്കറ്റിന് പിന്നില്‍ നിന്ന് ഋഷഭ് പന്ത് ഡിആര്‍എസ് എടുക്കാന്‍ ക്യാപ്റ്റന്‍ കോലിയെ നിര്‍ബന്ധിച്ചു. ഇതോടെ പകുതി തമാശയായി ഡിആര്‍എസ് എടുത്ത കോലിയെ പോലും അമ്പരപ്പിച്ച് മൂന്നാം അമ്പയര്‍ പൊള്ളാര്‍ഡ് വിക്കറ്റിന് മുന്നില്‍ കുടുങ്ങിയെന്ന്  വിധിയെഴുതി. ഇതോടെ ഓണ്‍ ഫീല്‍ഡ് അമ്പയര്‍ തീരുമാനം മാറ്റി ഔട്ട് വിളിച്ചു. അതുകൊണ്ട് കോലിക്ക് പോലും ചിരി അടക്കാനായില്ല. 49 റണ്‍സെടുത്ത പൊള്ളാര്‍ഡാണ് വിന്‍ഡീസിന്റെ ടോപ് സ്കോറര്‍.