വിശാഖപട്ടണം: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ആധികാരിക ജയം സ്വന്തമാക്കിയെങ്കിലും ഫീല്‍ഡീംഗില്‍ ഇന്ത്യയുടേത് കൈവിട്ട കളിയായിരുന്നു. മൂന്ന് അനായാസ ക്യാച്ചുകളാണ് ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ നിലത്തിട്ടത്. ഷായ് ഹോപ്പിനെ കെ എല്‍ രാഹുലും നിക്കോളാസ് പുരാനെ ദീപക് ചാഹറും നിലത്തിട്ടപ്പോള്‍ കീമോ പോളിനെ ശ്രേയസ് അയ്യരും കൈവിട്ടു.

ഹെറ്റ്മെയറെ ശ്രേയസ് അയ്യര്‍ ഉജ്ജ്വല ഫീല്‍ഡിംഗിലൂടെ റണ്ണൗട്ടാക്കിയപ്പോള്‍ വിക്കറ്റിന് പിന്നില്‍ മിന്നല്‍ സ്റ്റംപിംഗുമായി ഋഷഭ് പന്തും തിളങ്ങി. എന്നാല്‍ ഇതിനിടെ ലഭിച്ച അനായാസ റണ്ണൗട്ട് അവസരം പന്ത് പാഴാക്കുകയും ചെയ്തു. കുല്‍ദീപിന്റെ പന്ത് വിക്കറ്റിന് മുന്നിലേക്ക് തട്ടിയിട്ട് റണ്ണിനായി ഹോള്‍ഡര്‍ ഓടിയപ്പോള്‍ വിക്കറ്റിന് പിന്നില്‍ നിന്ന ഋഷഭ് പന്ത്, പന്തെടുത്ത് എറിഞ്ഞത് നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡിലേക്കായിരുന്നു.

ഈ സമയം സ്ലിപ്പില്‍ നില്‍ക്കുകയായിരുന്ന രോഹിത് ശര്‍മ വിളി കേള്‍ക്കാതെയായിരുന്നു പന്തിന്റെ ത്രോ. ഈ സമയം സ്ട്രൈക്കിംഗ് എന്‍ഡിലേക്ക് ഓടുകയായിരുന്ന ഹോപ്പ് പിച്ചിന് നടുവില്‍ എത്തിയിട്ടേ ഉണ്ടായിരുന്നുള്ളു. നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡിലാകട്ടെ ഹോള്‍ഡര്‍ അനായാസം ക്രീസിലെത്തുകയും ചെയ്തു. ഇതാണ് രോഹിത്തിനെ ചൊടിപ്പിച്ചത്.

ഋഷഭ് പന്തിനോട് ഇവിടെ തരാനല്ലെ പറഞ്ഞത്, ഹോപ്പ് വിക്കറ്റിന് നടുവിലെത്തിയിട്ടേ ഉണ്ടായിരുന്നുള്ളു എന്ന് രോഹിത് ദേഷ്യത്തോടെ പറയുന്നത് സ്റ്റംപ് മൈക്കില്‍ കേള്‍ക്കാമായിരുന്നു.