ഫ്ലോറിഡ: ലോകകപ്പിലെ സെമി ഫൈനല്‍ തോല്‍വിക്കുശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീം വിണ്ടും ഗ്രൗണ്ടിലിറങ്ങുന്നു. ടി20 പരമ്പരയില്‍ വെസ്റ്റ് ഇന്‍ഡീസാണ് ഇന്ത്യയുടെ എതിരാളികള്‍. അമേരിക്കയിലെ ഫ്ലോറിഡയാണ് വേദി. ലോകകപ്പ് ടീമിലെ പ്രമുഖര്‍ പലരും പുറത്തായതിനാല്‍ ഒട്ടേറ പുതുമുഖങ്ങള്‍ക്ക് ടി20 പരമ്പരയില്‍ അവസരം ലഭിക്കുമെന്നാണ് കരുതുന്നത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം.

ഓപ്പണിംഗില്‍ രോഹിത്-ശീഖര്‍ ധവാന്‍ സഖ്യം തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കെ എല്‍ രാഹുല്‍ മുമ്പ് ഈ ഗ്രൗണ്ടില്‍ സെഞ്ചുറി നേടിയിട്ടുണ്ടെങ്കിലും ധവാനും രോഹിത്തും തന്നെയാകും ഇന്ത്യയുടെ ഇന്നിംഗ്സ് തുറക്കുക.

ഏകദിനത്തില്‍ നിന്ന് വ്യത്യസ്തമായി വണ്‍ഡൗണായി കെ എല്‍ രാഹുല്‍ എത്തും. നാലാം നമ്പറില്‍ ക്യാപ്റ്റന്‍ വിരാട് കോലി ഇറങ്ങാനാണ് സാധ്യത.വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ തിളങ്ങിയ മനീഷ് പാണ്ഡെ അഞ്ചാം നമ്പറിലെത്തും. വെടിക്കെട്ട് ബാറ്റ്സ്മാന്‍ ഋഷഭ് പന്താവും ആറാം നമ്പറില്‍.

ഹര്‍ദ്ദിക് പാണ്ഡ്യ ഇല്ലാത്തതിനാല്‍ ഓള്‍ റൗണ്ടറായി ക്രുനാല്‍ പാണ്ഡ്യയും അന്തിമ ഇലവനില്‍ കളിച്ചേക്കും. ബൗളര്‍മാരായി ഭുവനേശ്വര്‍ കുമാര്‍, രാഹുല്‍ ചാഹര്‍, ഖലീല്‍ അഹമ്മദ്, ദീപക് ചാഹര്‍ എന്നിവര്‍ അന്തിമ ഇലവനില്‍ കളിക്കാനാണ് സാധ്യത.