ഇന്ത്യ- വിന്‍ഡീസ് രണ്ടാം ട്വന്‍റി 20 വൈകീട്ട് ഏഴിന് തിരുവനന്തപുരത്ത് തുടങ്ങും. മത്സരത്തിനായി ഇരു ടീമുകളും സ്റ്റേഡിയത്തിലെത്തി. 

തിരുവനന്തപുരം: ഇന്ത്യ- വിന്‍ഡീസ് ടി20 ക്രിക്കറ്റ് പൂരത്തിന് കാര്യവട്ടത്തേക്ക് ആരാധകപ്രവാഹം. മത്സരത്തിനായി ഇരു ടീമുകളും സ്റ്റേഡിയത്തിലെത്തി. മലയാളി താരം സഞ്ജു സാംസണെ ഇന്ത്യ കളിപ്പിക്കണം എന്ന ആവശ്യം ശക്തമായി ഉയര്‍ത്തുകയാണ് ആരാധകര്‍. വൈകിട്ട് ഏഴ് മണിക്കാണ് ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മത്സര ആരംഭിക്കുന്നത്. 

താരങ്ങള്‍ താമസിക്കുന്ന കോവളത്തെ ഹോട്ടല്‍ പരിസരത്തേക്കും ആരാധകപ്രവാഹമായിരുന്നു. കാര്യവട്ടത്ത് തെളിഞ്ഞ കാലാവസ്ഥയാണ് എന്നതും ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്നു. മത്സരത്തിന് മഴ ഭീഷണിയാകില്ലെന്നാണ് കാലാവസ്ഥാ റിപ്പോർട്ട്. നാല് മണി മുതല്‍ കാണികളെ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിച്ചിരുന്നു. കാര്യവട്ടം സ്‌പോര്‍ട്സ് ഹബ്ബ് വേദിയാകുന്ന മൂന്നാമത്തെ രാജ്യാന്തര മത്സരമാണിത്. 

സഞ്ജുവിനായി ശക്തമായി വാദിച്ച് ആരാധകര്‍

ആദ്യ ടി20യില്‍ ആറ് വിക്കറ്റിന് വിന്‍ഡീസിനെ തോല്‍പിച്ച ടീം ഇന്ത്യ പരമ്പരയില്‍ 1-0ന് മുന്നിലാണ്. ഇന്ന് ജയിച്ചാല്‍ കോലിപ്പടയ്‌ക്ക് പരമ്പര സ്വന്തമാക്കാം. 94 റണ്‍സെടുത്ത വിരാട് കോലിയുടെയും 62 റണ്‍സെടുത്ത കെ എല്‍ രാഹുലിന്‍റെയും മികവിലായിരുന്നു ഹൈദരാബാദിലെ ഇന്ത്യന്‍ ജയം. മലയാളി താരം സ‍ഞ്ജു സാംസണ് ജന്മനാട്ടിൽ അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.