വിശാഖപട്ടണം: ഇന്ത്യയെ പ്രതിരോധിച്ചു നിന്ന ഷായ് ഹോപ്പിനെ ആദ്യം ബൗണ്ടറിയില്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ കൈകളില്‍ എത്തിച്ചാണ് കുല്‍ദീപ് യാദവ് തന്റെ ആദ്യ വിക്കറ്റ് സ്വന്തമാക്കിയത്. ആ ഓവറിലെ ആദ്യ പന്തില്‍ കുല്‍ദീപിനെ ഹോള്‍ഡര്‍ സിക്സറിന് പറത്തിയിരുന്നു. കുല്‍ദീപിനെ വീണ്ടും സിക്സറിന് പറത്താനുള്ള ഹോപ്പിന്റെ ശ്രമമാണ് ബൗണ്ടറിയില്‍ കോലി കൈക്കുളളിലാക്കിയത്.

 33-ാം ഓവറിലെ നാലാം പന്തിലായിരുന്നു ഷായ് ഹോപ്പ് വീണത്. കുല്‍ദീപിന്റെ തൊട്ടടുത്ത പന്തില്‍ ധോണിയെ അനുസ്മരിപ്പിക്കുന്ന മിന്നല്‍ സ്റ്റംപിംഗുമായി ഋഷഭ് പന്ത് ജേസണ്‍ ഹോള്‍ഡറെ വീഴ്ത്തി. അവസാന പന്തില്‍ അല്‍സാരി ജോസഫിനെ കേദാര്‍ ജാദവ് പറന്നു പിടിച്ചതോടെ കുല്‍ദീപ് ഹാട്രിക്ക് പൂര്‍ത്തിയാക്കി. ഏകദിന ക്രിക്കറ്റില്‍ കുല്‍ദീപിന്റെ രണ്ടാം ഹാട്രിക്കാണിത്. 2017ല്‍ കൊല്‍ക്കത്തയില്‍ ഓസ്ട്രേലിയക്കെതിരെ ആയിരുന്നു കുല്‍ദീപിന്റെ ആദ്യ ഹാട്രിക്ക്.

രാജ്യാന്തര ക്രിക്കറ്റില്‍ ഒന്നില്‍ കൂടുതല്‍ ഹാട്രിക്ക് നേടുന്ന ആറാമത്തെ ബൗളറാണ് കുല്‍ദീപ്. ലസിത് മലിംഗ(3), വാസിം അക്രം(2), സക്‌ലിയന്‍ മുഷ്താഖ്(2), ചാമിന്ദ വാസ്(2), ട്രെന്റ് ബോള്‍ട്ട്(2) എന്നിവരാണ് കുല്‍ദീപിന് പുറമെ രാജ്യാന്തര ക്രിക്കറ്റില്‍ ഒന്നില്‍ കൂടുതല്‍ ഹാട്രിക്ക് നേടിയവര്‍.