തിരുവനത്തപുരം: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടി20 പരമ്പരയിലെ രണ്ടാം മത്സരം ഞായറാഴ്ച കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കും. ആദ്യ മത്സരം ജയിച്ച് പരമ്പരയില്‍ 1-0ന് മുന്നിലെത്തിയ ഇന്ത്യ കാര്യവട്ടത്ത് കളി ജയിച്ച് പരമ്പര ഉറപ്പിക്കാനാണ് ഇറങ്ങുന്നത്. വിന്‍ഡീസിനെതിരായ ഹൈദരാബാദ് ടി20യില്‍ അന്തിമ ഇലവനില്‍ ഇല്ലാതിരുന്ന മലയാളി താരം സഞ്ജു സാംസണ്‍ കാര്യവട്ടത്ത് തന്റെ ഭാഗ്യ ഗ്രൗണ്ടില്‍ കളിക്കാനിറങ്ങുമോ എന്നാണ് മലയാളികള്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ ടീമിലുണ്ടായിരുന്നെങ്കിലും ഒരു മത്സരത്തില്‍ പോലും സഞ്ജുവിന് അവസരം ലഭിച്ചിരുന്നില്ല.

വിന്‍ഡീസിനെതിരെ രണ്ടാം ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം. ആദ്യ മത്സരത്തില്‍ അര്‍ധസെഞ്ചുറിയുമായി തിളങ്ങിയതോടെ കെ എല്‍ രാഹുല്‍ തന്നെയാവും രോഹിത് ശര്‍മയ്ക്കൊപ്പം കാര്യവട്ടത്തും ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക. വണ്‍ഡൗണായി ക്യാപ്റ്റന്‍ വിരാട് കോലി എത്തും. നാലാം നമ്പറില്‍ ശ്രേയസ് അയ്യര്‍ ഇറങ്ങുമ്പോള്‍ അഞ്ചാം നമ്പറില്‍ ശിവം ദുബെയ്ക്ക് പകരം സഞ്ജുവിനെയോ മനീഷ് പാണ്ഡെയെയോ കളിപ്പിക്കാനുള്ള സാധ്യതയുണ്ട്.

ആദ്യ മത്സരത്തില്‍ ഒരു ഓവര്‍ മാത്രം എറിഞ്ഞ ശിവം ദുബെ 13 റണ്‍സ് വഴങ്ങിയിരുന്നു. കാര്യവട്ടത്തെ പിച്ച് ബാറ്റിംഗ് പറുദീസയാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ സാഹചര്യത്തില്‍ ദുബെയ്ക്ക് പകരം ഒരു സ്പെഷലിസ്റ്റ് ബാറ്റ്സ്മാനെ കളിപ്പിച്ച് ഒരു സ്പെഷലിസ്റ്റ് ബൗളറെ അധികമായി അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്താനുള്ള സാധ്യത നിലനില്‍ക്കുന്നു.

ആറാമനായി ഋഷഭ് പന്ത് തന്നെ അന്തിമ ഇലവനില്‍ എത്തും ഓള്‍ റൗണ്ടര്‍മാരായി രവീന്ദ്ര ജഡേജയും വാഷിംഗ്ടണ്‍ സുന്ദറും ടീമില്‍ ഇടം പിടിക്കും. വാഷിംഗ്ടണ്‍ സുന്ദറിന് ആദ്യ മത്സരത്തില്‍ തിളങ്ങാനായില്ലെങ്കിലും ബാറ്റിംഗ് മികവ് കൂടി കണക്കിലെടുത്ത് ചാഹലിന് പകരം സുന്ദറിനെ ടീമില്‍ നിലനിര്‍ത്താന്‍ സാധ്യതയുണ്ട്. പേസര്‍മാരായി ഭുവനേശ്വര്‍ കുമാറിനൊപ്പം ദീപക് ചാഹറും മുഹമ്മദ് ഷമിയും അന്തിമ ഇലവനില്‍ ഇടം പിടിക്കാനും സാധ്യതയുണ്ട്.