ഗുവാഹത്തിയിലും തോറ്റാൽ ഇന്ത്യക്ക് പരമ്പര നഷ്ടമാവും. സ്മൃതി മന്ദാന ക്യാപ്റ്റനായതിന് ശേഷം ഇന്ത്യയുടെ രണ്ടാം മത്സരമാണിത്. 

ഗുവാഹത്തി: ഇന്ത്യ- ഇംഗ്ലണ്ട് വനിതാ ട്വന്‍റി 20 പരമ്പരയിലെ നിർണായക രണ്ടാം മത്സരം ഇന്ന് ഗുവാഹത്തിയിൽ നടക്കും. ആദ്യ കളിയിൽ 41 റൺസിനായിരുന്നു ഇംഗ്ലീഷ് വനിതകളുടെ ജയം. ട്വന്‍റി 20യിൽ ഇന്ത്യൻ വനിതകളുടെ തുടർച്ചയായ അഞ്ചാം തോൽവിയായിരുന്നു ഇത്. 

ഇംഗ്ലണ്ടിന്‍റെ 160 റൺസ് പിന്തുടർന്ന ഇന്ത്യക്ക് 119 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഗുവാഹത്തിയിലും തോറ്റാൽ ഇന്ത്യക്ക് പരമ്പര നഷ്ടമാവും. സ്മൃതി മന്ദാന ക്യാപ്റ്റനായതിന് ശേഷം ഇന്ത്യയുടെ രണ്ടാം മത്സരമാണിത്. ഹർമൻപ്രീത് കൗറിന് പരുക്കേറ്റതോടെയാണ് സ്മൃതി ഇന്ത്യൻ നായികയായത്. 

എന്നാല്‍ ഇംഗ്ലണ്ടിനെതിരായ ആദ്യ ട്വന്‍റി 20യിൽ ക്യാപ്റ്റൻസിയുടെ സമ്മ‍ർദം ഉണ്ടായിരുന്നുവെന്ന് സ്മൃതി മന്ദാന വ്യക്തമാക്കി. ബാറ്റിംഗ് നിരയെ ശക്തിപ്പെടുത്തുകയാണ് ടീമിന്‍റെ ലക്ഷ്യമെന്നും സ്മൃതി പറഞ്ഞു.