വഡോദര: ഇന്ത്യ-ദക്ഷിണാഫ്രിക്ക വനിതാ ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് വഡോദരയിൽ നടക്കും. രാവിലെ ഒൻപത് മണിക്കാണ് കളി തുടങ്ങുക. ആദ്യ കളിയിൽ എട്ട് വിക്കറ്റിന് ജയിച്ച ഇന്ത്യ പരമ്പരയിൽ മുന്നിലാണ്. ഇന്ന് ജയിച്ചാൽ ട്വന്‍റി 20 പരമ്പരയ്‌ക്ക് പിന്നാലെ ഏകദിന പരമ്പരയും ഇന്ത്യക്ക് സ്വന്തമാക്കാം. 

അരങ്ങേറ്റ മത്സരത്തില്‍ പ്ലെയര്‍ ഓഫ് ദ് മാച്ച് പുരസ്‌കാരം നേടിയ പ്രിയ പൂനിയയിലാണ് ആരാധകരുടെ പ്രതീക്ഷകള്‍. പ്രിയ പൂനിയയുടേയും ജൂലൻ ഗോസ്വാമിയുടെയും മികവിലാണ് ഇന്ത്യ ആദ്യ മത്സരം ജയിച്ചത്.  

ദക്ഷിണാഫ്രിക്ക 45.1 ഓവറില്‍ 164ന് പുറത്തായപ്പോള്‍ ഇന്ത്യ 41.4 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ട‌ത്തില്‍ വിജയിക്കുകയായിരുന്നു. അരങ്ങേറ്റം ഗംഭീരമാക്കി പ്രിയ പൂനിയ 75ഉം ജമീമ റോഡ്രിഗസ് 55 റണ്‍സുമെടുത്തു. മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ ജൂലന്‍ ഗോസ്വാമിയുടെ പ്രകടനവും നിര്‍ണായകമായി.