'ഈ ടീം ലോകകപ്പ് സ്വന്തമാക്കിയില്ലെങ്കില്‍ താന്‍ നിരാശനായിരിക്കും. ഇന്ത്യ കപ്പുയര്‍ത്തുമെന്നാണ് പ്രതീക്ഷ'. 

ഹൈദരാബാദ്: ഏകദിന ലോകകപ്പ് ഇന്ത്യ നാട്ടിലെത്തിക്കുമെന്ന് മുന്‍ നായകന്‍ മുഹമ്മദ് അസ്‌ഹറുദീന്‍. ഇന്ത്യ ലോകകപ്പ് നേടാന്‍ സാധ്യതയുള്ള ടീമാണ്. സന്തുലിതമാണ് ടീം. മികച്ച ബൗളര്‍മാരും ബാറ്റ്സ്‌മാന്‍മാരും ഫീല്‍ഡര്‍മാരും നമുക്കുണ്ട്. ഈ ടീം ലോകകപ്പ് സ്വന്തമാക്കിയില്ലെങ്കില്‍ താന്‍ നിരാശനായിരിക്കും. ഇന്ത്യ കപ്പുയര്‍ത്തുമെന്നാണ് പ്രതീക്ഷയെന്നും മൂന്ന് ലോകകപ്പുകളില്‍(1992, 1996, 1999) ഇന്ത്യയെ നയിച്ച നായകന്‍ വ്യക്തമാക്കി. 

ഐപിഎല്ലില്‍ റോയല്‍ ചല‌ഞ്ചേഴ്‌സ് നായകനെന്ന നിലയിലുള്ള കോലിയുടെ മോശം പ്രകടനത്തില്‍ നിരാശരാകേണ്ടെന്നും മുന്‍ നായകന്‍ പറഞ്ഞു. ഉയര്‍ച്ചകളും താഴ്‌ചകളും ജീവിതത്തില്‍ സ്വാഭാവികമാണ്. എന്നാല്‍ കോലിയുടെ റെക്കോര്‍ഡുകളും റണ്ണുകളും വിലയിരുത്തിയാല്‍ ഭയപ്പെടേണ്ട സാഹചര്യമില്ല. തന്‍റെ ഏറ്റവും മികച്ച പ്രകടനം ലോകകപ്പിനായി കോലി കരുതിവെച്ചിരിക്കുകയാവുമെന്നും അസ്‌ഹറുദീന്‍ അഭിപ്രായപ്പെട്ടു. 

ഇംഗ്ലണ്ടിലും വെയ്‌ല്‍സിലുമായി മെയ് 30 മുതലാണ് ലോകകപ്പ് നടത്തുന്നത്. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പിക്കപ്പെടുന്ന ടീമുകളില്‍ ഒന്നാണ് രണ്ട് തവണ ലോക ജേതാക്കളായ ഇന്ത്യ. ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെയാണ് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം.