ചൈനാമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിന് പകരം ഓഫ് സ്പിന്നർ സാരാൻഷ് ജെയിന്‍ ഇന്ത്യക്കായി ടെസ്റ്റ് അരങ്ങേറ്റം കുറിക്കും. രവീന്ദ്ര ജഡേജയാണ് സാരാൻഷിന് ടെസ്റ്റ് ക്യാപ് സമ്മാനിച്ചത്.
കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. ആദ്യ ടെസ്റ്റ് ജയിച്ച ടീമില്‍ മാറ്റവുമായാണ് ഇന്ത്യ രണ്ടാം ടെസ്റ്റിനിറങ്ങുന്നത്. ചൈനാമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിന് പകരം ഓഫ് സ്പിന്നർ സാരാൻഷ് ജെയിന്‍ ഇന്ത്യക്കായി ടെസ്റ്റ് അരങ്ങേറ്റം കുറിക്കും. രവീന്ദ്ര ജഡേജയാണ് സാരാൻഷിന് ടെസ്റ്റ് ക്യാപ് സമ്മാനിച്ചത്. മധ്യനിരയിൽ ആറാം നമ്പറിൽ ധ്രുവ് ജുറെൽ സ്ഥാം നിലനിര്‍ത്തിയപ്പോള്‍ സർഫറാസ് ഖാൻ ഒരിക്കല്‍ കൂടി പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായി.
ആദ്യ ടെസ്റ്റ് തോറ്റ ശ്രീലങ്കൻ ടീമിലും രണ്ട് മാറ്റങ്ങളുണ്ട്. പരിക്കേറ്റ് പുറത്തായ ദിനേശ് ചണ്ഡിമാലിന് പകരം ആദ്യ ടെസ്റ്റില്‍ കണ്‍കഷൻ സബ്സ്റ്റിറ്റ്യൂട്ടായി ഇറങ്ങിയ പാസിന്ദു സൂര്യബന്ദാര ടീമിൽ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ആദ്യ ടെസ്റ്റിനുശേഷം ഒഴിവാക്കിയ നിഷാൻ മധുഷ്കക്ക് പകരം കാമിൽ മിഷാര ശ്രീലങ്കക്കായി ടെസ്റ്റ് അരങ്ങേറ്റം കുറിക്കും.
ആദ്യ ടെസ്റ്റിൽ നേടിയ 165 റൺസിന്‍റെ ആധികാരിക വിജയം നൽകുന്ന ആത്മവിശ്വാസത്തിലാണ് ടീം ഇന് രണ്ടാം ടെസ്റ്റിനിറങ്ങുന്നത്. 2023-ന് ശേഷം വിദേശമണ്ണിൽ ഒരു ടെസ്റ്റ് പരമ്പര സ്വന്തമാക്കുക എന്ന ലക്ഷ്യത്തിനൊപ്പം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രതീക്ഷകൾ നിലനിർത്താനും ഇന്ത്യയ്ക്ക് ഈ വിജയം അനിവാര്യമാണ്.നിലവിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്‍റ് പട്ടികയിൽ 53.33 ശതമാനം പോയിന്റോടെ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. ഇന്നത്തെ മത്സരത്തിൽ വിജയിച്ച് പരമ്പര 2-0 ന് സ്വന്തമാക്കാൻ സാധിച്ചാൽ പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തേക്ക് മുന്നേറാൻ ഇന്ത്യയ്ക്ക് സാധിക്കും.
ആദ്യ മത്സരത്തിൽ മികച്ച വിജയം നേടിയെങ്കിലും ചില മേഖലകളിൽ ഇന്ത്യയ്ക്ക് ആശങ്ക നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ എട്ട് ഇന്നിങ്സുകളിൽ നിന്ന് ഒരു അർദ്ധസെഞ്ചുറി മാത്രം നേടിയ ഓപ്പണർ യശസ്വി ജയ്സ്വാളിന്‍റെ ഫോം ഇന്ത്യയ്ക്ക് നിർണ്ണായകമാണ്. പേസ് ബൗളിംഗിന് മുന്നിൽ പതറുന്ന പതിവ് തിരുത്തി ജയ്സ്വാൾ ക്രീസിൽ നിലയുറപ്പിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.കൊളംബോയിലെ പിച്ച് പൂർണ്ണമായും സ്പിന്നിനെ പിന്തുണയ്ക്കാൻ സാധ്യതയില്ലാത്തതിനാൽ ഇരു ടീമുകൾക്കും അത് വെല്ലുവിളിയാകും.
ശ്രീലങ്ക പ്ലേയിംഗ് ഇലവൻ: ലഹിരു ഉദാര, കാമിൽ മിഷാര, പസിന്ദു സൂരിയബണ്ഡാര, കമിന്ദു മെൻഡിസ്, ധനഞ്ജയ ഡി സിൽവ (ക്യാപ്റ്റൻ), സൊണാൽ ദിനുഷ, നിരോഷൻ ഡിക്ക്വെല്ല , കേശര നുവാന്ത, പ്രഭാത് ജയസൂര്യ, ലഹിരു കുമാര, അസിത ഫെർണാണ്ടോ.
ഇന്ത്യ പ്ലേയിംഗ് ഇലവൻ: യശസ്വി ജയ്സ്വാൾ, കെ. എൽ. രാഹുൽ, ദേവദത്ത് പടിക്കൽ, ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, ധ്രുവ് ജുറെൽ, സാരാൻഷ് ജെയിൻ, മാനവ് സുതാർ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ
