ആദ്യ മത്സരത്തില്‍ 7 വിക്കറ്റ് തോല്‍വി വഴങ്ങിയെങ്കിലും ടീമില്‍ മാറ്റങ്ങളൊന്നും വരുത്താൻ അഫ്ഗാനിസ്ഥാന്‍ തയാറായിട്ടില്ല.
ദില്ലി: അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു. ആദ്യ മത്സരം കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ഇന്ത്യ രണ്ടാം മത്സരത്തിനിറങ്ങുന്നത്. ആദ്യ മത്സരത്തിനിടെ പരിക്കേറ്റ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിക്ക് പകരം സ്പിന്നര്‍ രവി ബിഷ്ണോയ് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തി.
മലയാളി താരം സഞ്ജു സാംസണ്‍ ഓപ്പണറായി സ്ഥാനം നിലിനിര്‍ത്തിയപ്പോള്‍ വൈഭവ് സൂര്യവംശി ഒരിക്കല്‍ കൂടി പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായി. ആദ്യ മത്സരത്തില്‍ 8 പന്തില്‍ 10 റണ്‍സെടുത്ത് പുറത്തായ സഞ്ജു നിരാശപ്പെടുത്തിയിരുന്നു. ഈ മത്സരത്തില്‍ കൂടി മികവ് കാട്ടാനായില്ലെങ്കില്‍ സഞ്ജുവിന്‍റെ ടീമിലെ സ്ഥാനം വീണ്ടും തുലാസിലാവും. ആദ്യ മത്സരത്തില്‍ 7 വിക്കറ്റ് തോല്‍വി വഴങ്ങിയെങ്കിലും ടീമില്‍ മാറ്റങ്ങളൊന്നും വരുത്താൻ അഫ്ഗാനിസ്ഥാന്‍ തയാറായിട്ടില്ല. ആദ്യ മത്സരം ജയിച്ച ഇന്ത്യക്ക് ഈ മത്സരം കൂടി ജയിച്ചാൽ മൂന്ന് മത്സര പരമ്പര സ്വന്തമാക്കാനാവും.
അഫ്ഗാനിസ്ഥാൻ പ്ലേയിങ് ഇലവൻ: റഹ്മാനുല്ല ഗുർബാസ് (വിക്കറ്റ് കീപ്പർ), ഇബ്രാഹിം സദ്രാൻ (ക്യാപ്റ്റൻ), സെദിഖുല്ല അതാൽ, ഗുൽബദിൻ നായിബ്, ദർവിഷ് റസൂലി, അസ്മത്തുള്ള ഒമർസായി, മുഹമ്മദ് നബി, റാഷിദ് ഖാൻ, നൂർ അഹമ്മദ്, മുജീബ് ഉർ റഹ്മാൻ, ഫസൽഹഖ് ഫാറൂഖി.
ഇന്ത്യ പ്ലേയിങ് ഇലവൻ: സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ്മ, നിതീഷ് കുമാർ റെഡ്ഡി, ശിവം ദുബെ, അക്സർ പട്ടേൽ, രവി ബിഷ്‌ണോയ്, അർഷ്ദീപ് സിംഗ്, ജസ്പ്രീത് ബുംറ.
