അവസാന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത് ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 113 റണ്‍സിന്‍റെ വിജയലക്ഷ്യം ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.
ലക്നോ: ദക്ഷിണാഫ്രിക്കയോട് തോറ്റ് തോറ്റ് മടുത്ത ഇന്ത്യന്‍ വനിതകള്‍ക്ക് ഒടുവില്‍ ഒരു ആശ്വാസജയം. ഏകദിന പരമ്പരയിലെ സമ്പൂര്‍ണ തോല്‍വിക്ക് പിന്നാലെ ടി20 പരമ്പരയും കൈവിട്ട ഇന്ത്യന്‍ വനിതകള്‍ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ ഒമ്പത് വിക്കറ്റിനാണ് ജയിച്ചു കയറിയത്. മൂന്ന് മത്സര പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ദക്ഷിണാഫ്രിക്ക നേരത്തെ സ്വന്തമാക്കിയിരുന്നു.
അവസാന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത് ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 113 റണ്‍സിന്‍റെ വിജയലക്ഷ്യം ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 30 പന്തില്‍ 60 റണ്‍സെടുത്ത കൗമാരതാരം ഷെഫാലി വര്‍മയും 28 പന്തില്‍ 48 റണ്‍സെടുത്ത ക്യാപ്റ്റന്‍ സ്മൃതി മന്ദാനയുമാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്. സ്കോര്‍ ദക്ഷിണാഫ്രിക്ക 20 ഓവറില്‍ 112/7, ഇന്ത്യ 11 ഓവറില്‍ 114/1.
ഓപ്പണിംഗ് വിക്കറ്റില്‍ സ്മൃതി-ഷെഫാലി സഖ്യം 8.3 ഓവറില്‍ 96 റണ്‍സ് അടിച്ചു കൂട്ടിയാണ് ഇന്ത്യന്‍ ജയം ഉറപ്പിച്ചത്. അര്‍ധസെഞ്ചുറിക്ക് രണ്ട് റണ്‍സകലെ സ്മൃതി പുറത്തായെങ്കിലും ഹര്‍ലീന്‍ ഡിയോളിനെ(4) കൂട്ടുപിടിച്ച് ഷെഫാലി ഇന്ത്യയെ വിജയവര കടത്തി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ മൂന്ന് വിക്കറ്റെടുത്ത രാജേശ്വരി ഗെയ്‌ക്‌വാദാണ് എറിഞ്ഞിട്ടത്. 28 റണ്‍സടിച്ച ക്യാപ്റ്റന്‍ സുനെ ലൂസ് ആണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍.
