ഗയാന: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ നാലാം മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് ജയം. മഴമൂലം ഒമ്പതോവര്‍ വീതമാക്കി കുറച്ച മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒമ്പതോവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 50 റണ്‍സെടുത്തപ്പോള്‍ വിന്‍ഡീസിന് ഒമ്പതോവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 45 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. പരമ്പരയില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ നാലാം ജയമാണിത്.

സ്പിന്നര്‍മാരുടെ മികവിലാണ് ഇന്ത്യ വിന്‍ഡീസിനെ പിടിച്ചുകെട്ടിയത്.  ഇന്ത്യക്കായി അനുജ പാട്ടീല്‍ രണ്ട് വിക്കറ്റെടുത്തപ്പോള്‍ ദീപ്തി ശര്‍മയും രാധാ യാദവും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി 10 റണ്‍സെടുത്ത പൂജ വാസ്ട്രക്കര്‍ മാത്രമെ രണ്ടക്കം കടന്നുള്ളു. ഷഫാലി വര്‍മ(7), ഹര്‍മന്‍പ്രീത് കൗര്‍(6), വേദാ കൃഷ്ണമൂര്‍ത്തി(5) എന്നിവര്‍ക്ക് കാര്യമായി സ്കോര്‍ ചെയ്യാനായില്ല. വിന്‍ഡീസിനായി ഹെയ്‌ലി മാത്യൂസ് മൂന്ന് വിക്കറ്റെടുത്തു. പരമ്പരയിലെ അവസാന മത്സരം വ്യാഴാഴ്ച നടക്കും. ടി20 പരമ്പരക്ക് മുന്നോടിയായി നടന്ന ഏകദിന പരമ്പരയും ഇന്ത്യന്‍ വനിതകള്‍(2-1) സ്വന്തമാക്കിയിരുന്നു.