ധാക്കയില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹർമന്‍പ്രീത് കൗർ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു
ധാക്ക: അരങ്ങേറ്റം ഗംഭീരമാക്കിയ അമന്‍ജോത് കൗറിന്‍റെ ബൗളിംഗ് കരുത്തില്‍ ആദ്യ ഏകദിനത്തില്‍ ബംഗ്ലാദേശ് വനിതകളെ കുഞ്ഞന്‍ സ്കോറില്‍ തളച്ച് ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന് 43 ഓവറില്‍ 152 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 39 റണ്‍സ് നേടിയ വിക്കറ്റ് കീപ്പറും ക്യാപ്റ്റനുമായ നൈഗർ സുല്‍ത്താനയാണ് ടോപ് സ്കോറർ. മഴമൂലം മത്സരം 43 ഓവറായി ചുരുക്കിയിട്ടുണ്ട്. ആദ്യ രാജ്യാന്തര ഏകദിനം കളിക്കുന്ന അമന്‍ജോത് 9 ഓവറില്‍ 31 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് നാല് പേരെ പുറത്താക്കിയത്. അനുഷ ബറെഡ്ഡിയും ഇന്ത്യക്കായി അരങ്ങേറി.
ധാക്കയില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹർമന്‍പ്രീത് കൗർ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യന്‍ ബൗളർമാർ തുടക്കത്തിലെ പിടിമുറുക്കിയപ്പോള്‍ തകർച്ചയോടെയായിരുന്നു ബംഗ്ലാ വനിതകളുടെ തുടക്കം. 25.6 ഓവറില്‍ 81 റണ്‍സ് എടുക്കുമ്പോഴേക്ക് നാല് വിക്കറ്റ് വീണു. അമന്‍ജോത് കൗറാണ് ബംഗ്ലാ മുന്‍നിരയ്ക്ക് മുന്നില്‍ കൊടുങ്കാറ്റായത്. മുർഷിദ ഖാത്തൂന്‍ 13 ഉം, ഷമീമ അക്തർ പൂജ്യവും, ഫർഗാന ഹഖ് 27 ഉം, റിതു മോണി 8 ഉം റണ്‍സെടുത്ത് മടങ്ങി. 64 പന്ത് നേരിട്ട് 39 റണ്‍സ് നേടിയ നൈഗർ സുല്‍ത്താന മാത്രമാണ് ഇതിന് ശേഷം പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചത്. പിന്നീട് വന്ന ആരെയും 20 റണ്‍സ് കടക്കാന്‍ ഇന്ത്യന്‍ വനിതകള്‍ അനുവദിച്ചില്ല.
നഹീദ അക്തർ(2), റബീയ ഖാന്‍(10), സുല്‍ത്താന ഖാത്തൂന്‍(16), മറൂഫ അക്തർ(6), ഷോർനാ അക്തർ(0), ഫഹീമ ഖാത്തൂന്‍(12*) എന്നിങ്ങനെയായിരുന്നു മറ്റ് താരങ്ങളുടെ സ്കോർ. ഇന്ത്യക്കായി നാല് വിക്കറ്റ് നേടിയ അമന്‍ജോതിന് പുറമെ ദേവിക വൈദ്യ രണ്ടും ദീപ്തി ശർമ്മ ഒന്നും വിക്കറ്റുമായി തിളങ്ങി. നേരത്തെ ട്വന്‍റി 20 പരമ്പര 2-1ന് ഇന്ത്യ സ്വന്തമാക്കിയിരുന്നു.
Read more: പൃഥ്വി, സൂര്യകുമാർ, പൂജാര ദയനീയം; വെസ്റ്റ് സോണിനെ വീഴ്ത്തി സൗത്ത് സോണിന് ദുലീപ് ട്രോഫി
