സിഡ്‌നി: വനിതാ ട്വന്‍റി 20 ലോകകപ്പില്‍ ഇന്ത്യ- ഇംഗ്ലണ്ട് സെമി മഴമൂലം വൈകുന്നു. സിഡ്നിയിൽ ഇന്ത്യന്‍ സമയം രാവിലെ 9.30ന് ആരംഭിക്കേണ്ടിയിരുന്ന മത്സരത്തിന് ഇതുവരെ ടോസ് ഇടാനായിട്ടില്ല. 10 ഓവര്‍ വീതം എറിയാനുള്ള സാധ്യതയില്ലെങ്കില്‍ മത്സരം ഉപേക്ഷിക്കും. ഇന്ത്യന്‍ സമയം 11.06 ആണ് ടോസ് ഇടാനുള്ള അവസാന സമയമായി നിശ്ചയിച്ചിട്ടുള്ളത്.

മത്സരം ഉപേക്ഷിച്ചാൽ ഗ്രൂപ്പുചാമ്പ്യന്മാരെന്ന നിലയിൽ ഇന്ത്യ ഫൈനലിലെത്തും. സെമിക്ക് റിസര്‍വ്വ് ദിനം ഇല്ലാത്തതിനാലാണിത്. ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയും തമ്മില്‍ നടക്കേണ്ട രണ്ടാംസെമിയും മഴ ഭീഷണിയിലാണ്. ഇതേ ഗ്രൗണ്ടില്‍ ഉച്ചകഴിഞ്ഞ് 1.30നാണ് ഈ മത്സരം ആരംഭിക്കേണ്ടത്. മത്സരം ഉപേക്ഷിച്ചാല്‍ ദക്ഷിണാഫ്രിക്ക ഫൈനലിന് നേരിട്ട് യോഗ്യത നേടും. 

Read more: വനിതാ ടി20 ലോകകപ്പ്: ഫൈനല്‍ തേടി ഇന്ത്യ ഇന്നിറങ്ങും; മത്സരത്തിന് മഴ ഭീഷണി

ഗ്രൂപ്പുഘട്ടത്തിലെ നാല് കളിയും ജയിച്ച് ഒന്നാംസ്ഥാനക്കാരായാണ് ഇന്ത്യ സെമിയിലെത്തിയത്. ട്വന്‍റി 20 ബാറ്റിംഗ് റാങ്കിംഗില്‍ ഒന്നാമതുളള ഷെഫാലി വര്‍മ്മ, വിക്കറ്റുവേട്ടയിൽ ഒന്നാമതുള്ള പൂനം യാദവ് എന്നിവരിലാണ് ഇന്ത്യയുടെ പ്രതീക്ഷ. കഴിഞ്ഞ ലോകകപ്പ് സെമിയിൽ ഇന്ത്യയെ ഇംഗ്ലണ്ട് തോൽപ്പിച്ചിരുന്നു.