വഡോദര: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ വനിത ഏകദിന പരമ്പരയും ഇന്ത്യക്ക്. വഡോദരയില്‍ നടന്ന രണ്ടാം മത്സരത്തില്‍ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 247 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ 48 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. നേരത്തെ ടി20 പരമ്പരയും ഇന്ത്യ സ്വന്തമാക്കിയിരുന്നു.

പൂനം റാവത്ത് (65), ക്യാപ്റ്റന്‍ മിതാലി രാജ് (66) എന്നിവരുടെ ഇന്നിങ്‌സാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. അവസാനങ്ങളില്‍ വേഗത്തില്‍ റണ്‍സ് കണ്ടെത്തിയ ഹര്‍മന്‍പ്രീത് കൗര്‍ (27 പന്തില്‍ പുറത്താവാതെ 39) നിര്‍ണായക സംഭാവന നല്‍കി. കൗറിനൊപ്പം താനിയ ഭാട്ടിയ (8) പുറത്താവാതെ നിന്നു. പ്രിയ പൂനിയ (20), ജമീമ റോഡ്രിഗസ് (18), ദീപ് ശര്‍മ (2) എന്നിവരുടെ വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി. ദക്ഷിണാഫ്രിക്കയ്ക്കായി അയബോംഗ ഖക മൂന്ന് വിക്കറ്റ് വീഴ്ത്തി. 

നേരത്തെ, ലൗറ വോള്‍വാര്‍ഡ് (69), മിഗ്നോന്‍ ഡു പ്രീസ് (44), ലിസെല്ലേ ലീ (40), ലാറ ഗോഡാള്‍ (38) എന്നിവരുടെ ഇന്നിങ്‌സാണ് ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഇന്ത്യക്ക് വേണ്ടി ശിഖ പാണ്ഡെ, എക്ത ബിഷ്ട്, പൂനം യാദവ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.