ഷെഫാലി വര്‍മ (4), റിച്ച ഘോഷ് (13) എന്നിവരുടെ വിക്കറ്റുകള്‍ മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്. സ്മൃതി മന്ദാന (38)യാണ് വിജയത്തിലേക്ക് നയിച്ചത്. ജമീമ റോഡ്രിഗസ് (12) പുറത്താവാതെ നിന്നു.

മുംബൈ: ഓസ്‌ട്രേലിയന്‍ വനിതകള്‍ക്കെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യക്ക്. മുംബൈ, വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന ഏക ടെസ്റ്റില്‍ എട്ട് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. 75 റണ്‍സ് വിജയലക്ഷവുമായി അവസാനദിനം ബാറ്റിംഗിനെത്തിയ ഇന്ത്യ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. നേരത്തെ, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയ ഒന്നാം ഇന്നിംഗ്‌സില്‍ 219ന് പുറത്തായിരുന്നു. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 406 അടിച്ചെടുത്തു. 187 റണ്‍സ് ലീഡാണ് ഇന്ത്യ നേടിയത്. രണ്ടാം ഇന്നിംഗില്‍ 261ന് ഓസീസ് പുറത്തായി. പിന്നീട് അവസാനദിനം ബാറ്റിംഗിനെത്തിയ ഇന്ത്യ വിജയം സ്വന്തമാക്കി.

ഷെഫാലി വര്‍മ (4), റിച്ച ഘോഷ് (13) എന്നിവരുടെ വിക്കറ്റുകള്‍ മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്. സ്മൃതി മന്ദാന (38)യാണ് വിജയത്തിലേക്ക് നയിച്ചത്. ജമീമ റോഡ്രിഗസ് (12) പുറത്താവാതെ നിന്നു. ഒന്നാം ഇന്നിംഗ്‌സില്‍ നാല് വിക്കറ്റ് നേടിയ പൂജ വസ്ത്രകറാണ് ഓസീസിനെ തകര്‍ത്തത്. സ്‌നേഹ് റാണ മൂന്നും ദീപ്തി ശര്‍മ രണ്ടും വിക്കറ്റ് വീഴ്ത്തിയിരുന്നു. തഹ്ലിയ മഗ്രാത് (50), ബേത് മൂണി (40) എന്നിവര്‍ക്ക് മാത്രമാണ് ഓസീസ് നിരയില്‍ തിളങ്ങിയത്.

മറുപടി ബാറ്റിംഗില്‍ ദീപ്തി ശര്‍മ (78), സ്മൃതി മന്ദാന (74), ജമീമ റോഡ്രിഗസ് (73) എന്നിവരുടെ ഇന്നിംഗ്‌സാണ് ഇന്ത്യക്ക് ലീഡ് സമ്മാനിച്ചത്. റിച്ചാ ഘോഷ് (52), പൂജ വസ്ത്രകര്‍ (47), ഷെഫാലി (40) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. സ്‌നേഹ് റാണ (9), ഹര്‍മന്‍പ്രീത് കൗര്‍ (0), യഷ്ടിക ഭാട്ടിയ (1), രേണുക സിംഗ് (8) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. രാജേശ്വരി ഗെയ്കവാദ് (0) പുറത്താവാതെ നിന്നു.

രണ്ടാം ഇന്നിംഗ്‌സില്‍ ഓസീസ് വനിതകള്‍ ഇന്ത്യക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തിയിരുന്നു. തഹ്ലിയ (73) ഇന്നിംഗ്‌സിന്റെ കരുത്തില്‍ അവര്‍ ലീഡെടുക്കുകയും ചെയ്തു. എല്ലിസ് പെറി (45), ബേത് മൂണി (33), അലീസ ഹീലി (32) എന്നിവരാണ് തിളങ്ങിയ മറ്റുതാരങ്ങള്‍. സ്‌നേഹ് റാണ നാല് വിക്കറ്റെടുത്തു. രാജേശ്വരി, ഹര്‍മന്‍പ്രീത് കൗര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ അനായാസം മറികടന്നു. കഴിഞ്ഞ ആഴ്ച്ച ഇംഗ്ലണ്ടിനേയും ഇന്ത്യ തകര്‍ത്തിരുന്നു.

ഒരു പന്തിന് 7.36 ലക്ഷം! പക്ഷേ, നികുതി അടയ്ക്കണം; സ്റ്റാര്‍ക്കിന് കിട്ടിയതെല്ലാം കൊണ്ട് തിരിച്ചു പറക്കാനാവില്ല