മെല്‍ബണ്‍: ലോകകപ്പ് വനിത ടി20 ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് 185 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസ് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് ഇത്രയും റണ്‍സെടുത്തത്. ഓപ്പണര്‍മാരായ അലിസ ഹീലി (39 പന്തില്‍ 75), ബേത് മൂണി (54 പന്തില്‍ പുറത്താവാതെ 78) എന്നിവര്‍ ഓസീസിന് വേണ്ടി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു. രണ്ട് വിക്കറ്റ് നേടിയ ദീപ്തി ശര്‍മ ഇന്ത്യന്‍ ബൗളര്‍മാരില്‍ തിളങ്ങി.

തകര്‍പ്പന്‍ തുടക്കമാണ് ഓസീസിന് ലഭിച്ചത്. ഹീലി- മൂണി സഖ്യം ഓപ്പണിങ് വിക്കറ്റില്‍ 115 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇരുവരും നല്‍കിയ അവസരങ്ങള്‍ ഫീല്‍ഡര്‍മാര്‍ നഷ്ടപ്പെടുത്തിയിരുന്നു. ആക്രമിച്ച് കളിച്ച ഹീലിയാണ് പവര്‍പ്ലേ ഓവറുകളില്‍ സ്‌കോര്‍ കുത്തനെ ഉയര്‍ത്തിയത്. അഞ്ച് സിക്‌സും ഏഴ് ഫോറും അടങ്ങുന്നതായിരുന്നു ഹീലിയുടെ ഇന്നിങ്‌സ്. ഹീലിയെ രാധ യാദവ് പുറത്താക്കുകയായിരുന്നു. 10 ഫോറ് അടങ്ങുന്നതായിരുന്നു മൂണിയുടെ ഇന്നിങ്‌സ്. 

മധ്യ ഓവറുകളില്‍ റണ്ണുയര്‍ത്തിയത് മൂണിയായിരുന്നു. എന്നാല്‍ പിന്നീടെത്തിയ താരങ്ങളില്‍ ആര്‍ക്കും തിളങ്ങാന്‍ സാധിച്ചില്ല. മെഗ് ലാന്നിങ് (16), അഷ്‌ലി ഗാര്‍ഡ്‌നര്‍ (2), റേച്ചല്‍ ഹെയ്‌നസ് (4) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. 

ദീപിതിക്ക് പുറമെ പൂനം യാദവ്, രാധ യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. ഫൈനലിന് മാറ്റങ്ങളില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. ടീം: സ്മൃതി മന്ഥാന, ഷെഫാലി വര്‍മ, ജെമീമ റോഡ്രിഗസ്, ഹര്‍മന്‍പ്രീത് കൗര്‍(ക്യാപ്റ്റന്‍), ദീപ്തി ശര്‍മ, വേദ കൃഷ്ണമൂര്‍ത്തി, തനിയ ഭാട്ടിയ(വിക്കറ്റ്കീപ്പര്‍), ശിഖ പാണ്ഡെ, രാധാ യാദവ്, രാജേശ്വരി ഗെയ്ക്വാദ്, പൂനം യാദവ്.

അപരാജിതരായാണ് ഇന്ത്യ ഫൈനലിലെത്തിയത്. കഴിഞ്ഞ മാസം ടൂര്‍ണമെന്റിലെ ഉദ്ഘാടന മത്സരത്തില്‍ ഓസീസിനെ ഇന്ത്യ തോല്‍പ്പിച്ചിരുന്നു. ഇന്ത്യക്ക് ആദ്യ ഫൈനലെങ്കില്‍ ആറാം കലാശപ്പോരിനാണ്ഓസീസ് വനിതകള്‍ ഇറങ്ങുന്നത്.ഹര്‍മന്‍പ്രീത് കൗര്‍ ക്യാപ്റ്റനായ ഇന്ത്യ ഷെഫാലി വര്‍മ്മ, പൂനം യാദവ് എന്നിവരുടെ മികവിലാണ് പ്രതീക്ഷവയ്ക്കുന്നത്.