വിശാഖപട്ടണം: ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെ ആവേശക്കൊടുമുടിയിലാക്കുന്ന ജയം. ബാറ്റിംഗിലും ബൗളിംഗിലും മിന്നലായി, ദക്ഷിണാഫ്രിക്കന്‍ വാലറ്റത്തിന്‍റെ പ്രതിരോധക്കോട്ടയും തകര്‍ത്തായിരുന്നു വിശാഖപട്ടണത്ത് 203 റണ്‍സിന്‍റെ ഇന്ത്യന്‍ ജയം. തകര്‍പ്പന്‍ ജയം സ്വന്തമാക്കിയ ടീം ഇന്ത്യയെ അഭിനന്ദനങ്ങള്‍ കൊണ്ടുമൂടുകയാണ് ക്രിക്കറ്റ് പ്രേമികള്‍. 

ടെസ്റ്റിലാദ്യമായി ഓപ്പണറായി ഇറങ്ങി രണ്ടിംഗ്‌സിലും സെഞ്ചുറി നേടിയ രോഹിത് ശര്‍മ്മയുടെയും ഇരട്ട സെഞ്ചുറി വീരന്‍ മായങ്ക് അഗര്‍വാളിന്‍റെയും ബാറ്റിംഗും ആര്‍ അശ്വിന്‍- രവീന്ദ്ര ജഡേജ- മുഹമ്മദ് ഷമി ത്രയത്തിന്‍റെ ബൗളിംഗ് തേര്‍വാഴ്‌ച്ചയുമാണ് ഇന്ത്യയ്‌ക്ക് ജയം സമ്മാനിച്ചത്. 10.5 ഓവറില്‍ 35 റണ്‍സ് മാത്രം വഴങ്ങിയായിരുന്നു ഷമിയുടെ അഞ്ച് വിക്കറ്റ്. സ്‌കോര്‍: ഇന്ത്യ- 502/7, 323/4. ദക്ഷിണാഫ്രിക്ക- 431/10, 191/10. 

വിജയലക്ഷ്യമായ 395 റണ്‍സ് പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 191 റണ്‍സില്‍ പുറത്തായി. ദക്ഷിണാഫ്രിക്കന്‍ വാലറ്റം സൃഷ്ടിച്ച തലവേദനയാണ് ഇന്ത്യന്‍ ജയം അവസാന ദിനം രണ്ടാം സെഷനിലേക്ക് നീട്ടിയത്. ഒന്‍പതാം വിക്കറ്റില്‍ 91 റണ്‍സ് കൂട്ടിച്ചേര്‍ത്ത മുത്തുസ്വാമി-പീറ്റ് സഖ്യം ഇന്ത്യന്‍ ജയപ്രതീക്ഷകള്‍ വൈകിപ്പിച്ചു. 56 റണ്‍സെടുത്ത പീറ്റിനെ ഷമി ബൗള്‍ഡാക്കിയതോടെ കഥ മാറി. അവസാനക്കാരന്‍ റബാഡ 18 റണ്‍സുമായി ഷമിക്ക് മുന്നില്‍ കീഴടങ്ങി. മുത്തുസ്വാമി 49 റണ്‍സുമായി പുറത്താവാതെ നിന്നു.

അഞ്ച് വിക്കറ്റുമായി മുഹമ്മദ് ഷമിയും നാല് പേരെ മടക്കി രവീന്ദ്ര ജഡേജയുമാണ് ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ടത്. ടെസ്റ്റില്‍ ആദ്യമായി ഓപ്പണറായി ഇറങ്ങി രണ്ടിംഗ്‌സിലും ശതകം നേടിയ(176, 127) രോഹിത് ശര്‍മ്മയാണ് മാന്‍ ഓഫ് ദ് മാച്ച്. ആദ്യ ഇന്നിംഗ്‌സിലെ അശ്വിന്‍റെ ഏഴ് വിക്കറ്റും ടെസ്റ്റ് കരിയറിലെ ആദ്യ സെഞ്ചുറി ഇരട്ട സെഞ്ചുറിയാക്കിയ മായങ്ക് അഗര്‍വാളിന്‍റെ ഇന്നിംഗ്‌സും(215) പ്രശംസ നേടുകയാണ്.