ഇന്ത്യ 7.1 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. നേരത്തെ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളും ഇന്ത്യ ജയിച്ചിരുന്നു.

ക്വാലലംപൂര്‍: അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പ് സൂപ്പര്‍ സിക്‌സിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് ജയം. ബംഗ്ലാദേശിനെ എട്ട് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ തുടങ്ങിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ബംഗ്ലാദേശ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 64 റണ്‍സാണ് നേടിയത്. വൈഷ്ണവി ശര്‍മ മൂന്ന് വിക്കറ്റ് നേടി. മൂന്ന് ഓവറില്‍ ആറ് റണ്‍സ് മാത്രം വഴങ്ങി മലയാളി താരം ജോഷിത ഒരു വിക്കറ്റെടുത്തു. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 7.1 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. നേരത്തെ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളും ഇന്ത്യ ജയിച്ചിരുന്നു. ഇതുവരെ തോല്‍വി അറിയാത്ത ഇന്ത്യ അടുത്ത മത്സരത്തില്‍ സ്‌കോട്‌ലന്‍ഡിനെ നേരിടും.

ഗുണാലന്‍ കമാലിനി (3), ഗൊങ്കടി തൃഷ (40) എന്നിവരുടെ വിക്കറ്റുകള്‍ മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്. സനിക െചല്‍കെ (11), ക്യാപ്റ്റന്‍ നികി പ്രസാദ് (5) പുറത്താവാതെ നിന്നു. ഒന്നാം വിക്കറ്റില്‍ കമാലിനി - തൃഷ സഖ്യം 23 റണ്‍സ് ചേര്‍ത്തു. കമാലിനിയെ പുറത്താക്കാന്‍ ബംഗ്ലാ ബൗളര്‍മാര്‍ക്ക് സാധിച്ചു. എന്നാല്‍ തൃഷ ഒരറ്റത്ത് തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തതോടെ ഇന്ത്യ വിജയം ഉറപ്പാക്കി. വിജയത്തിനരികെ തൃഷ വീണെങ്കിലും പിന്നീട് വിക്കറ്റുകള്‍ കളയാതെ തന്നെ ഇന്ത്യ ആധികാരികമായി ജയിച്ചു. 31 പന്തുകള്‍ നേരിട്ട തൃഷ എട്ട് ബൗണ്ടറികള്‍ നേടി.

എവിടെ, പുകമഞ്ഞ് എവിടെ? ഹാരി ബ്രൂക്കിന്റെ വീമ്പ് പറച്ചിലിന് വരുണ്‍ ചക്രവര്‍ത്തിയുടെ മറുപടി -വീഡിയോ

നേരത്തെ ബംഗ്ലാദേശ് നിരയില്‍ രണ്ട് താരങ്ങള്‍ക്ക് മാത്രമാണ് രണ്ടക്കം കാണാനായത്. ജന്നതുല്‍ മൗന (14), സുമയ്യ അക്തര്‍ (29 പന്തില്‍ പുറത്താവാതെ 21) ഇന്നിംഗ്‌സ് കൂടി ഇല്ലായിരുന്നെങ്കില്‍ ഇതിലും പരിതാപകരമായേനെ അവരുടെ അവസ്ഥ. ഒരു ഘട്ടത്തില്‍ അഞ്ചിന് 22 എന്ന നിലയിലായിരുന്നു അവര്‍. ആദ്യത്തെ അഞ്ച് താരങ്ങള്‍ക്ക് രണ്ടക്കം കാണാന്‍ സാധിച്ചിരുന്നില്ല. പിന്നാലെ സുമയ്യ - മൗന സഖ്യം 31 റണ്‍സ് കൂട്ടിചേര്‍ത്തു. മൗന മടങ്ങിയതോടെ കാര്യങ്ങള്‍ ഇന്ത്യക്ക് എളുപ്പമായി. സാദിയ അക്തര്‍ (0), നിഷത അക്തര്‍ (6) എന്നിവര്‍ പെട്ടന്ന് മടങ്ങി.