ഇംഗ്ലണ്ടിലെ ആഭ്യന്തര താരങ്ങള്‍ നിലവില്‍ ബയോ ബബ്ബിളിനകത്തല്ലെന്നതുകൊണ്ടാണ് പരിശീലന മത്സരമെന്ന അഭ്യര്‍ത്ഥന ഇസിബി നിരസിച്ചത്. ഇന്ത്യയുമായി പരിശീലന മത്സരം കളിക്കാനായി മാത്രം കൗണ്ടി ടീം അംഗങ്ങളെ ബയോ സെക്യുര്‍ ബബ്ബിളില്‍ ആക്കുക എന്നത് പ്രായോഗികമല്ലെന്നാണ് ഇസിബിയുടെ നിലപാട്.

ലണ്ടന്‍: ഓഗസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരക്ക് മുമ്പും ഇന്ത്യക്ക് പരിശീലന മത്സരങ്ങളൊന്നുമില്ല. കൊവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ കൗണ്ടി ടീമുകളുമായി സന്നാഹ മത്സരം കളിക്കാനാവാത്തത് ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയ്ക്ക് തിരിച്ചടിയായേക്കും.ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുമ്പ് സന്നാഹ മത്സരങ്ങള്‍ കളിക്കാതിരുന്നത് ഇന്ത്യക്ക് തിരിച്ചടിയായിരുന്നു.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായി കളിച്ചതുപോലെ ടീം അംഗങ്ങള്‍ തന്നെ പരസ്പരം ടീമായി തിരിഞ്ഞ് രണ്ട് ചതുര്‍ദിന മത്സരങ്ങളാവും ഇന്ത്യ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി കളിക്കുക. ടെസ്റ്റ് പരമ്പരക്ക് മുമ്പ് കൗണ്ടി ടീമുകളുമായി ഏതാനും സന്നാഹ മത്സരങ്ങള്‍ ക്രമീകരിക്കണമെന്ന് ബിസിസിഐ ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡിനോട് (ഇസിബി)അഭ്യര്‍ത്ഥിച്ചിരുന്നു.

എന്നാല്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ചൂണ്ടിക്കാട്ടി ഇസിബി ഇത് നിരസിച്ചു. ഇംഗ്ലണ്ടിലെ ആഭ്യന്തര താരങ്ങള്‍ നിലവില്‍ ബയോ ബബ്ബിളിനകത്തല്ലെന്നതുകൊണ്ടാണ് സന്നാഹ മത്സരമെന്ന അഭ്യര്‍ത്ഥന ഇസിബി നിരസിച്ചത്. ഇന്ത്യയുമായി സന്നാഹ മത്സരം കളിക്കാനായി കൗണ്ടി ടീം അംഗങ്ങളെ ബയോ സെക്യുര്‍ ബബ്ബിളില്‍ ആക്കുക എന്നത് പ്രായോഗികമല്ലെന്നാണ് ഇസിബിയുടെ നിലപാട്.

ഈ സാഹചര്യത്തില്‍ ജൂലൈ 14ന് ഡര്‍ഹാമിലെത്തുന്ന ഇന്ത്യന്‍ താരങ്ങള്‍ ഇവിടെയാവും പരസ്പരം ടീമായി തിരിഞ്ഞ് പരിശീലന മത്സരം കളിക്കുക. നോട്ടിംഗ്ഹാമില്‍ ഓഗസ്റ്റ് നാലു മുതലാണ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം തുടങ്ങുക. അടുത്ത ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഭാഗമാണ് ഇംഗ്ലണ്ടിനെതിരായ പരമ്പര.