ഇസ്‌ലാമാബാദ്: ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ഇന്ത്യ മനപൂര്‍വം തോറ്റുകൊടുത്തെന്ന വാദത്തിന് ശക്തി പകര്‍ന്ന് മുന്‍ പാകിസ്ഥാന്‍ താരം മുഷ്താഖ് അഹമ്മദ്. ലോകകപ്പ് നടക്കുന്ന സമയത്ത് വെസ്റ്റ് ഇന്‍ഡീസ് ടീമിന്റെ കോച്ചിംഗ് സ്റ്റാഫായിരുന്നു മുഷ്താഖ്്. വെസ്റ്റ് ഇന്‍ഡീസ് താരങ്ങള്‍ ഇക്കാര്യം അഭിപ്രായപ്പെട്ടുവെന്നാണ്  മുഷ്താഖ് പറയുന്നത്.

ഇംഗ്ലണ്ടിനെതിരെ ഇന്ത്യ വിജയം നേടിയിരുന്നെങ്കില്‍ ലോകകപ്പ് സെമിയിലെത്താന്‍ പാക്കിസ്ഥാനും സാധ്യതയുണ്ടായിരുന്നു. എന്നാല്‍ മത്സരം കൈവിട്ട ഇന്ത്യ ലീഗ് ഘട്ടത്തില്‍ തോല്‍വി വഴങ്ങിയ ഏക മത്സരവും ഇതായിരുന്നു. ഇന്ത്യ തോറ്റുകൊടുത്തതാണെന്ന് നേരത്ത ആരോപണം ശക്തമായിരുന്നു. 

ഇത് ആക്കം കൂട്ടുന്നതാണ് മുഷ്താഖിന്റെ പുതിയ പ്രസ്താവന. മുന്‍ പാക് താരം പറയുന്നതിങ്ങനെ... ''കഴിഞ്ഞ ലോകകപ്പിന്റെ സമയത്ത് ഞാന്‍ വെസ്റ്റിന്‍ഡീസ് ടീമിനൊപ്പം ജോലി ചെയ്തിരുന്നു. പാക്കിസ്ഥാന്‍ സെമിയില്‍ കടക്കരുതെന്ന് ഇന്ത്യ തീരുമാനിച്ചിരുന്നതായി ക്രിസ് ഗെയ്‌ലും ആന്ദ്രേ റസ്സലും ജെയ്‌സന്‍ ഹോള്‍ഡറും അന്നേ എന്നോടു പറഞ്ഞിരുന്നു.'' ഇതായിരുന്നു മുഷ്താഖിന്റെ വാക്കുകള്‍. 

അടുത്ത ഇംഗ്ലണ്ട് താരം ബെന്‍ സ്‌റ്റോക്‌സ് നടത്തിയ പരാമര്‍ശത്തില്‍ നിന്നാണ് എല്ലാത്തിന്റേയും തുടക്കം. തങ്ങള്‍ക്കെതിരെ ഇന്ത്യന്‍ ജയിക്കാന്‍ വേണ്ടി കളിച്ചില്ലെന്നായിരുന്നു സ്റ്റോക്‌സിന്റെ പരാമര്‍ശം. എന്നാല്‍ മനപൂര്‍വം തോറ്റതാണെന്ന് സ്‌റ്റോക്‌സ് പറഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസങ്ങളില്‍ മുന്‍ പാക് താരം സികന്ദര്‍ ഭക്ത ഉള്‍പ്പെടെയുള്ളവര്‍ ഇന്ത്യക്കെതിരെ തിരിഞ്ഞിരുന്നു.

എജ്ബാസ്റ്റണില്‍ ജൂണ്‍ 30ന് നടന്ന ഇന്ത്യഇംഗ്ലണ്ട് മത്സരത്തില്‍ ജോണി ബെയര്‍‌സ്റ്റോയുടെ സെഞ്ചുറിക്കരുത്തില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 337 റണ്‍സെടുത്ത ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് നിശ്ചിത 50 ഓവറില്‍ നേടാനായത് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 306 റണ്‍സ് മാത്രം. 31 റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി.