വെല്ലിംഗ്‌ടണ്‍: ന്യൂസിലന്‍ഡിനെതിരെ തുടര്‍ച്ചയായ രണ്ടാം ടി20യിലും സൂപ്പര്‍ ഓവര്‍ ജയം നേടിയ ടീം ഇന്ത്യയെ പ്രശംസ കൊണ്ടുമൂടി ക്രിക്കറ്റ് ലോകം. വെല്ലിംഗ്‌ടണില്‍ 14 റണ്‍സ് വിജയം ഒരു പന്ത് ബാക്കിനില്‍ക്കേയാണ് ഇന്ത്യ സ്വന്തമാക്കിയത്. സൂപ്പര്‍ ജയത്തിന് ഇന്ത്യന്‍ ടീമിനെ സല്യൂട്ട് ചെയ്യുകയാണ് ഇതിഹാസ താരങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍. 

ഇന്ത്യയുടെ 165 പിന്തുടര്‍ന്ന കിവികള്‍ക്ക് നിശ്‌ചിത സമയത്ത് സമനില നേടാനേയായുള്ളൂ. കോളിന്‍ മണ്‍റോ(64), ടിം സീഫര്‍ട്ട്(57) എന്നിവരുടെ അര്‍ധ സെഞ്ചുറികള്‍ ന്യൂസിലന്‍ഡിനെ വിജയിപ്പിച്ചില്ല. ശാര്‍ദുല്‍ ഠാക്കൂര്‍ എറിഞ്ഞ അവസാന ഓവറില്‍ നാല് വിക്കറ്റ് വീണതോടെയാണ് മത്സരം സമനിലയിലായത്. സ്‌കോര്‍: ഇന്ത്യ-165-8 (20), ന്യൂസിലന്‍ഡ്-165-7. 

ജസ്‌പ്രീത് ബുമ്രയുടെ സൂപ്പര്‍ ഓവറില്‍ കിവികള്‍ 13 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ രാഹുല്‍ ആദ്യ പന്തില്‍ സിക്‌സും രണ്ടാം പന്തില്‍ ഫോറും നേടി. മൂന്നാം പന്തില്‍ രാഹുല്‍ പുറത്ത്. നാലാം പന്തില്‍ സ‍ഞ്ജുവിനെ സാക്ഷിയാക്കി രണ്ടും അഞ്ചാം പന്തില്‍ ഫോറും നേടി വിരാട് കോലി ഇന്ത്യയെ ജയിപ്പിച്ചു. 

നേരത്തെ, ആദ്യം ബാറ്റ് ചെയ്ത ടീം ഇന്ത്യയ്‌ക്ക് നിശ്‌ചിത 20 ഓവറില്‍ എട്ട് വിക്കറ്റിന് 165 റണ്‍സാണ് നേടാനായത്. ഓപ്പണിംഗില്‍ രോഹിത് ശര്‍മ്മയ്‌ക്ക് പകരമെത്തിയ മലയാളി താരം സഞ്ജു സാംസണ് എട്ട് റണ്‍സ് മാത്രമാണ് നേടാനായത്. നായകന്‍ വിരാട് കോലി 11 റണ്‍സിലും ശ്രേയസ് അയ്യര്‍ ഒന്നിലും പുറത്തായി. മനീഷ് പാണ്ഡെ 36 പന്തില്‍ 50 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ഠാക്കൂറും(20) സെയ്‌നി(11*)യും ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചു.