യഥാര്‍ത്ഥത്തില്‍ പാകിസ്ഥാനെതിരെ ടോസ് ജയിച്ചത് ഇന്ത്യയാണെന്നും മാച്ച് റഫറി ഷാന്ദ്രെ ഫ്രിറ്റ്സിന്‍റെയും അവതാരകയായ മെല്‍ ജോണ്‍സിന്‍റെയും ഭീമാബദ്ധമാണ് പാകിസ്ഥാന് ടോസ് സമ്മാനിച്ചതെന്നും ആരാധകര്‍ പിന്നീട് കണ്ടെത്തി.
കൊളംബോ: വനിതാ ഏകദിന ലോകകപ്പിലെ അഭിമാനപ്പോരാട്ടത്തില്‍ ഇന്ത്യക്കെതിരെ നിര്‍ണായക ടോസ് നേടിയ പാകിസ്ഥാന്‍ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ഏഷ്യാ കപ്പില്‍ പുരുഷ ടീം ഹസ്തദാനത്തിന് വിസമ്മതിച്ചതുപോലെ വനിതാ ടീമും പാക് താരങ്ങളുമായി ഹസ്തദാനം നടത്തില്ലെന്ന് ബിസിസിഐ നേരത്തെ വ്യക്തമാക്കിയിരുന്നതിനാല്‍ ഹര്‍മന്‍പ്രീത് കൗറും പാക് ക്യാപ്റ്റൻ ഫാത്തിമ സനയും ടോസിനുശേഷം ഹസ്തദാനത്തിന് മുതിര്‍ന്നില്ല.
എന്നാല്‍ യഥാര്‍ത്ഥത്തില്‍ പാകിസ്ഥാനെതിരെ ടോസ് ജയിച്ചത് ഇന്ത്യയാണെന്നും മാച്ച് റഫറി ഷാന്ദ്രെ ഫ്രിറ്റ്സിന്‍റെയും അവതാരകയായ മെല്‍ ജോണ്‍സിന്‍റെയും ഭീമാബദ്ധമാണ് പാകിസ്ഥാന് ടോസ് സമ്മാനിച്ചതെന്നും ആരാധകര്‍ പിന്നീട് കണ്ടെത്തി. ഹര്‍മന്‍പ്രീത് കൗര്‍ ടോസിനായി നാണയം ഫ്ലിപ്പ് ചെയ്യുമ്പോള്‍ ഫാത്തിമ സന ടെയ്‌ൽസ് എന്ന് വിളിക്കുന്നത് വ്യക്തമായി കേള്‍ക്കാമെന്നാണ് ആരാധകരുടെ കണ്ടുപിടുത്തം. എന്നാല്‍ അവതാരകായ മെല്‍ ജോണ്‍സണ്‍ മൈക്കിലൂടെ വിളിച്ചു പറഞ്ഞത്, ഹെഡ്സ് ആണ് ഫാത്തിമ വിളിച്ചിരിക്കുന്നത് എന്നായിരുന്നു. ഹെഡ്സ് ആണ് വീണതെന്ന് മാച്ച് റഫറി ഉറപ്പിച്ചതോടെ ഫാത്തിമ സനയാണ് ടോസ് ജയിച്ചതെന്ന് പറഞ്ഞ് അവതാരക സനയെ സംസാരിക്കാനായി ക്ഷണിച്ചു. സന ടെയ്ല്‍സ് വിളിക്കുന്നത് തൊട്ടടുത്തു നിന്ന് കേട്ടമാച്ച് റഫറിയും അവതാരകയെ തിരുത്തിയില്ല.
തന്ത്രപൂര്‍വം മൗനം പാലിച്ച് പാക് ക്യാപ്റ്റൻ
താന്‍ ശരിക്കും ടെയ്‌ല്‍സ് ആണ് വിളിച്ചതെന്നും പക്ഷെ വീണിരിക്കുന്നത് ഹെഡ്സ് ആണ് വിണതെന്നും അതുകൊണ്ട് ഇന്ത്യയാണ് ടോസ് ജയിച്ചതെന്നും തിരുത്താന്‍ സനയും തയാറായില്ല. അവതാരകയ്ക്കും മാച്ച് റഫറിക്കും പറ്റിയ തെറ്റ് തിരുത്താതെ തന്ത്രപൂര്‍വം ഫാത്തിമ സന മൗനം പാലിച്ചപ്പോള്‍ ടോസ് ജയിച്ച സന്തോഷത്തില്‍ ഫീല്‍ഡ് ചെയ്യാനുള്ള തീരുമാനം പാക് ക്യാപ്റ്റൻ പിന്നാലെ പ്രഖ്യാപിച്ചു. ഇന്ത്യൻ ക്യാപ്റ്റൻ ഹര്‍മന്‍പ്രീത് കൗറും സന ടെയ്ല്‍സ് എന്നു വിളിച്ചിട്ട് ഹെഡ്സ് വീണകാര്യം ചൂണ്ടിക്കാണിച്ചില്ല.
ടോസിനായി നാണയം ഫ്ലിപ്പ് ചെയ്തപ്പോള്‍ തന്നെ സന ടെയ്ല്‍സ് എന്ന് പറയുന്നുതും അവതാരക ഹെഡ്സ് എന്നാണ് വിളിച്ചതെന്ന് ഉറക്കെ പറയുന്നതും വ്യക്തമായി കേള്‍ക്കാമെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. ലോകകപ്പ് പോലൊരു വലിയ ടൂർണമെന്‍റില്‍ ഇത്തരമൊരു ഭീമാബദ്ധം സംഭവിച്ചത് ആരാധകരെ അമ്പരപ്പിക്കുകയും ചെയ്തു. മാച്ച് റഫറിയുടെയും അവതാരകയുടെയും പിഴവിനെതിരെ ഇന്ത്യ ഐസിസിക്ക് ഔദ്യോഗികമായി പരാതി നല്‍കുമോ എന്ന കാര്യം വ്യക്തമല്ല.


