ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യ തകര്‍ത്തടിച്ചാണ് തുടങ്ങിയത്. ആദ്യ ഓവറില്‍ എട്ട് റണ്‍സെടുത്ത സ്മൃതിയും പ്രതികയും രണ്ടാം ഓവറില്‍ മൂന്ന് ബൗണ്ടറിയടക്കം 12 റണ്‍സടിച്ച് ആദ്യ രണ്ടോവറില്‍ 20 റണ്‍സിലെത്തി.

കൊളംബോ: വനിതാ ഏകദിന ലോകകപ്പില്‍ പാകിസ്ഥാനെതിരെ ആദ്യം ബാറ്റ് ചെയ്യുന്ന ഭേദപ്പെട്ട തുടക്കം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 17 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 75 റണ്‍സെന്ന നിലയിലാണ്. 25 പന്തില്‍ 15 റണ്‍സോടെ ഹര്‍ലീന്‍ ഡിയോളും 8 പന്തില്‍ 5 റണ്‍സുമായി ക്യാപ്റ്റൻ ഹര്‍മന്‍പ്രീത് കൗറും ക്രീസില്‍. 32 പന്തില്‍ 23 റണ്‍സെടുത്ത സ്മൃതി മന്ദാനയുടെയും 37 പന്തില്‍ 31 റണ്‍സെടുത്ത പ്രതിക റാവലിന്‍റെയും വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ഒമ്പതാം ഓവറിലെ അവസാന പന്തില്‍ പാക് ക്യാപ്റ്റന്‍ ഫാത്തിമ സനയാണ് സ്മൃതിയെ പുറത്താക്കി ഇന്ത്യക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചത്. പതിനഞ്ചാം ഓവറിലെ അഞ്ചാം പന്തില്‍ സാദിയ ഇക്ബാല്‍ പ്രതികെ ക്ലീന്‍ ബൗള്‍ഡാക്കി.

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യ തകര്‍ത്തടിച്ചാണ് തുടങ്ങിയത്. ആദ്യ ഓവറില്‍ എട്ട് റണ്‍സെടുത്ത സ്മൃതിയും പ്രതികയും രണ്ടാം ഓവറില്‍ മൂന്ന് ബൗണ്ടറിയടക്കം 12 റണ്‍സടിച്ച് ആദ്യ രണ്ടോവറില്‍ 20 റണ്‍സിലെത്തി. എന്നാല്‍ പിന്നീടുള്ള മൂന്നോവറില്‍ ഇന്ത്യക്ക് 12 റണ്‍സെ നേടാനായുള്ളു. സ്മൃതിയും പ്രതികയും കരുതലോടെ കളിച്ചതോടെ സ്കോറിംഗ് നിരക്ക് ഇടിഞ്ഞു. എട്ടാം ഓവറില്‍ എല്‍ബിഡബ്ല്യു അപ്പീല്‍ അതിജീവിച്ച സ്മൃതി രണ്ട് ബൗണ്ടറികളുമായി 9 റണ്‍സ് നേടി പ്രതീക്ഷ നല്‍കിയെങ്കിലും ഒമ്പതാം ഓവറിലെ അവസാന പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി മടങ്ങി. പിന്നീട് പ്രതികയും ഹര്‍ലീനും ചേര്‍ന്ന് കൂടുതല്‍ നഷ്ടങ്ങളില്ലാതെ ഇന്ത്യയെ മുന്നോട്ട് നയിച്ചു. പതിനഞ്ചാം ഓവറിലെ അഞ്ചാം പന്തില്‍ പ്രതീക്ഷ നല്‍കിയ പ്രതികയെ സാദിയ ഇക്‌ബാല്‍ ബൗള്‍ഡാക്കി.

നേരത്തെ ടോസ് ജയിച്ച പാകിസ്ഥാന്‍ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.ശ്രീലങ്കക്കെതിരായ ആദ്യ മത്സരം ജയിച്ച ടീമില്‍ ഇന്ത്യ ഒരു മാറ്റം വരുത്തി. ബാറ്റിംഗ് ഓള്‍ റൗണ്ടറായ അമന്‍ജ്യോത് കൗറിന് പകരം ബൗളറായ രേണുക സിംഗ് താക്കൂര്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തി. ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനോട് തോറ്റ ടീമില്‍ പാകിസ്ഥാനും ഒരു മാറ്റം വരുത്തി.ഒമൈമ സൊഹൈലിന് പകരം സദഫ് ഷമാസ് പാകിസ്ഥാന്‍റെ പ്ലേയിംഗ് ഇലവനിലെത്തി.

പാകിസ്ഥാൻ പ്ലേയിംഗ് ഇലവൻ: മുനീബ അലി, സദാഫ് ഷംസ്, സിദ്ര അമിൻ, ആലിയ റിയാസ്, നതാലിയ പെർവൈസ്, ഫാത്തിമ സന ​​(ക്യാപ്റ്റൻ), റമീൻ ഷമിം, ഡയാന ബെയ്ഗ്, സിദ്ര നവാസ്ർ, നഷ്റ സന്ധു, സാദിയ ഇഖ്ബാൽ.

ഇന്ത്യ പ്ലേയിംഗ് ഇലവൻ: സ്മൃതി മന്ദാന, പ്രതീക റാവൽ, ഹർലീൻ ഡിയോൾ, ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), ജെമീമ റോഡ്രിഗസ്, ദീപ്തി ശർമ, റിച്ച ഘോഷ്, സ്നേഹ റാണ, ക്രാന്തി ഗൗഡ്, ശ്രീ ചരണി, രേണുക സിംഗ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക