കൊളംബൊ: ത്രസിപ്പിക്കുന്ന പോരില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ച് ഇന്ത്യ അണ്ടര്‍ 19 ഏഷ്യ കപ്പ് കിരീടമയുര്‍ത്തി. അഞ്ച് റണ്‍സിനായിരുന്നു ബംഗ്ലാദേശ് യൂത്ത് ടീമിനെതിരെ ഇന്ത്യന്‍ അണ്ടര്‍ 19 ടീമിന്റെ വിജയം. കഴിഞ്ഞ വര്‍ഷം സീനിയര്‍ ഏഷ്യ കപ്പില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ച് ഇന്ത്യ കിരീടം നേടിയിരുന്നു. കൊളംബൊ പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയെ ബംഗ്ലാ ബൗളര്‍മാര്‍ 32.4 ഓവറില്‍ 106ന് എറിഞ്ഞിട്ടു. ഇന്ത്യ അതേനാണയത്തില്‍ തിരിച്ചടിച്ചപ്പോള്‍ ബംഗ്ലാദേശ് 33 ഓവറില്‍ 101ന് എല്ലാവരും പുറത്തായി.

അക്ബര്‍ അലി (23), മൃതുന്‍ജോയ് ചൗധരി (21) എന്നിവരാണ് മറുപടി ബാറ്റിങ്ങില്‍ ബംഗ്ലാദേശിന് പ്രതീക്ഷ നല്‍കിയത്. ഇന്ത്യന്‍ ബൗളര്‍മാര്‍ വിട്ടുകൊടുത്ത എക്സ്ട്രാ 18 റണ്‍സും അവര്‍ക്ക് കൂട്ടുണ്ടായിരുന്നു. ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബംഗ്ലാദേശിന്റെ ആദ്യ അഞ്ച് താരങ്ങള്‍ രണ്ടക്കം കാണാതെ പുറത്തായി. ആദ്യം നാലിന് 16 എന്ന നിലയിലും പിന്നീട് അഞ്ചിന് 40 എന്ന നിലയിലേക്കും ബംഗ്ലാദേശ് വീണു. വൈകാതെ ആറിന് 51 നിലയില്‍ ബംഗ്ലാദേശ് തോല്‍വി മുന്നില്‍കണ്ടു. എന്നാല്‍ വാലറ്റം പൊരുതി നിന്നതോടെ ബംഗ്ലാദേശിന് വീണ്ടും പ്രതീക്ഷയായി. എന്നാല്‍ അഥര്‍വയുടെ പന്തുകള്‍ ബംഗ്ലാദേശിന്റെ കഥ കഴിച്ചു. അഞ്ച് വിക്കറ്റുകളാണ് താരം നേടിയത്. ആകാശ് സിങ് മൂന്ന് വിക്കറ്റ് വീഴ്ത്തി. 

നേരത്തെ, 37 റണ്‍സെടുത്ത കരണ്‍ ലാലാണ് ഇന്ത്യയുടെ സ്‌കോര്‍ 100 കടത്തിയത്. ക്യാപ്റ്റന്‍ ദ്രുവ് ജുറല്‍ 33 റണ്‍സെടുത്തു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഷമീം ഹൊസൈനിന്റെയും മൃതുന്‍ജോയ് ചൗന്ദരിയുടെയും പ്രകടനമാണ് ഇന്ത്യയെ തകര്‍ത്തത്.

മോശം തുടക്കമായിരുന്നു ഇന്ത്യക്ക് 5.1 ഓവറായപ്പോള്‍ ഇന്ത്യ മൂന്നിന് എട്ട് എന്ന നിലയിലേക്ക് വീണു. പിന്നാലെ ജുറല്‍- ശാശ്വത് റാവത്ത് (19) കരകയറ്റാന്‍ ശ്രമിച്ചെങ്കിലും ബംഗ്ലാ ബൗളര്‍മാര്‍ തിരിച്ചടിച്ചു. റാവത്ത് പുറത്തായ ശേഷം മധ്യനിര പൊരുതാന്‍ പോലും നില്‍ക്കാതെ കൂടാരം കയറി. വാലറ്റത്തെ കൂട്ടുപിടിച്ച് കരണ്‍ ലാല്‍ നടത്തിയ പോരാട്ടമാണ് ഇന്ത്യയുടെ സ്‌കോര്‍ 100 കടത്തിയത്. ഇന്ത്യന്‍ നിരയില്‍ എട്ട് താരങ്ങള്‍ക്ക് രണ്ടക്കം കാണാനായില്ല.

ബംഗ്ലാ നിരയില്‍ തന്‍സിം ഹസന്‍ സാക്കിബ്, ഷഹിന്‍ ആലം ഓരോ വിക്കറ്റും വീഴ്ത്തി. നേരത്തെ, സെമി ഫൈനല്‍ മത്സരങ്ങള്‍ മഴ മുടക്കിയത് കാരണം ഗ്രൂപ്പ് ചാംപ്യന്മാരായ ടീമുകളെ ഫൈനല്‍ കളിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.