അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിൽ ഇന്ത്യക്ക് 4-0 അല്ലെങ്കിൽ 5-0 ന് ജയിച്ചാൽ ഡബ്ല്യുടിസി ഫൈനലിൽ സ്ഥാനം ഉറപ്പിക്കാം. എന്നാൽ ഒരു മത്സരമെങ്കിലും തോറ്റാൽ ഫൈനൽ സ്ഥാനം മറ്റ് ടീമുകളുടെ ഫലങ്ങളെ ആശ്രയിച്ചിരിക്കും.

പെര്‍ത്ത്: ഇന്ന് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ഇന്ത്യ-ഓസ്ട്രേലിയ ബോർഡർ-​ഗവാസ്കർ ട്രോഫിക്ക് തുടക്കമാകുമ്പോൾ മറ്റൊരു കണക്കുകൂടി ഇന്ത്യയെ ആശങ്കയിലാക്കുന്നു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ എത്താനുള്ള അവസാന പിടിവള്ളിയാണ് സീരീസ്. സ്വന്തം തട്ടകത്തിൽ ന്യൂസിലൻഡിനെതിരായ പരമ്പര 0-3ന് തോറ്റത് ഇന്ത്യയുടെ സ്വപ്നങ്ങൾക്ക് കനത്ത തിരിച്ചടിയായിരുന്നു. എന്നാൽ, ഓസ്‌ട്രേലിയയ്‌ക്കെതിരെ അഞ്ച് ടെസ്റ്റുകൾ കളിക്കേണ്ടതിനാൽ തുടർച്ചയായ മൂന്നാം തവണയും ഡബ്ല്യുടിസി ഫൈനലിലെത്താനുള്ള അവസരമുണ്ട്. ഇത്തിരി കടുപ്പമേറിയതാണെങ്കിലും ഫൈനലിലെത്താൻ ഇന്ത്യ ആഞ്ഞുശ്രമിക്കുമെന്ന് പ്രതീക്ഷിക്കാം. 

അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിൽ ഇന്ത്യക്ക് 4-0 അല്ലെങ്കിൽ 5-0 ന് ജയിച്ചാൽ ഡബ്ല്യുടിസി ഫൈനലിൽ സ്ഥാനം ഉറപ്പിക്കാം. എന്നാൽ ഒരു മത്സരമെങ്കിലും തോറ്റാൽ ഫൈനൽ സ്ഥാനം മറ്റ് ടീമുകളുടെ ഫലങ്ങളെ ആശ്രയിച്ചിരിക്കും. ഇന്ത്യ ഒരു ടെസ്റ്റ് പരാജയപ്പെട്ടാൽ, ന്യൂസിലാൻഡിനെതിരെ ഇം​ഗ്ലണ്ട് ഒരു മത്സരം സമനിലയിലാക്കുകയോ അല്ലെങ്കിൽ ശ്രീലങ്ക/പാകിസ്ഥാൻ ദക്ഷിണാഫ്രിക്കക്കെതിരെ ഒരു മത്സരമെങ്കിലും സമനിലയിൽ ആകുകയോ വേണം. ഇന്ത്യ 3-2 ന് ജയിച്ചാൽ, ന്യൂസിലൻഡിനെതിരെ ഒരു മത്സരം ഇം​ഗ്ലണ്ട് വിജയിക്കുകയോ ഓസ്‌ട്രേലിയയെ ശ്രീലങ്ക ഒരു ടെസ്റ്റിൽ തോൽപ്പിക്കുകയോ ശ്രീലങ്ക, പാക്കിസ്ഥാൻ ടീമുകളോടുള്ള നാല് ടെസ്റ്റിൽ രണ്ടെണ്ണം ദക്ഷിണാഫ്രിക്ക പരാജയപ്പെടുകയോ വേണം. 

പരമ്പര 2-2ന് സമനിലയിലായാൽ സ്ഥിതി കൂടുതൽ സങ്കീർണമാകും. ന്യൂസിലൻഡ് ചുരുങ്ങിയത് ഒരു മത്സരത്തിലെങ്കിലും ഇം​ഗ്ലണ്ടിനോട് പരാജയപ്പെടുകയോ ശ്രീലങ്ക ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഒരു ടെസ്റ്റിൽ തോൽക്കുകയോ ഓസ്‌ട്രേലിയ ശ്രീലങ്കയ്‌ക്കെതിരായ രണ്ട് മത്സരങ്ങളിലും തോൽക്കുകയോ ചെയ്യണം. 

Read More.... അപ്പന്റെയല്ലേ മോൻ...34 ഫോറും രണ്ട് സിക്സും, പുറത്താകാതെ 200! തകർത്തടിച്ച് സെവാ​ഗിന്റെ മകൻ

ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പര 2-1ന് കഷ്ടിച്ച് ഇന്ത്യ ജയിച്ചാൽ, ന്യൂസിലൻഡ് ഇം​ഗ്ലണ്ടിനെതിരെ ഒരു മത്സരം സമനിലയിലാവുകയും ഒരു മത്സരം തോൽക്കുകയും ചെയ്യണം. പുറമെ, ദക്ഷിണാഫ്രിക്കക്കെതിരെ ശ്രീലങ്ക രണ്ട് മത്സരങ്ങൾ തോൽക്കുകയും ഓസ്ട്രേലിയക്കെതിരെ രണ്ട് മത്സരങ്ങൾ ജയിക്കുകയും വേണം. ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയിൽ ഇന്ത്യ ഒരു ടെസ്റ്റ് മാത്രം ജയിച്ചാൽ ഫൈനൽ സ്വപ്നങ്ങൾ അവസാനിക്കുകയും ചെയ്യും.