ഏകദിനത്തില്‍ ബംഗ്ലാദേശിനെതിരെ നാല് റണ്‍സിന് ആറ് വിക്കറ്റ് വീഴ്‌ത്തിയതാണ് ഏറ്റവും ശ്രദ്ധേയ പ്രകടനം

ബെംഗളൂരു: ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ സ്റ്റുവര്‍ട്ട് ബിന്നി സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ടീം ഇന്ത്യക്കായി 23 മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരം 2014ല്‍ ബംഗ്ലാദേശിനെതിരെ ഏകദിനത്തില്‍ നാല് റണ്‍സിന് ആറ് വിക്കറ്റ് വീഴ്‌ത്തിയതാണ് ഏറ്റവും ശ്രദ്ധേയ പ്രകടനം. ഏകദിനത്തില്‍ ഒരു ഇന്ത്യന്‍ താരത്തിന്‍റെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനമാണിത്. 

അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞത് വലിയ സന്തോഷവും അഭിമാനവുമാണ് എന്നാണ് സ്റ്റുവര്‍ട്ട് ബിന്നിയുടെ പ്രതികരണം. തന്നിലര്‍പ്പിച്ച വിശ്വാസത്തിന് ബിസിസിഐക്കും കര്‍ണാടക ക്രിക്കറ്റ് അസോസിയേഷനും പരിശീലകര്‍ക്കും സെലക്‌ടര്‍മാര്‍ക്കും ക്യാപ്റ്റന്‍മാര്‍ക്കും താരം നന്ദി പറഞ്ഞു. കുടുംബത്തിന്‍റെ പിന്തുണയില്ലായിരുന്നെങ്കില്‍ ക്രിക്കറ്റ് കരിയറില്‍ ഒന്നും സാധ്യമാവുകയില്ലായിരുന്നു എന്നും സ്റ്റുവര്‍ട്ട് ബിന്നി കൂട്ടിച്ചേര്‍ത്തു. 

മുപ്പത്തിയേഴുകാരനായ സ്റ്റുവര്‍ട്ട് ബിന്നി ആറ് ടെസ്റ്റുകളിലും 14 ഏകദിനങ്ങളിലും മൂന്ന് ടി20കളിലുമാണ് ടീം ഇന്ത്യയെ പ്രതിനിധീകരിച്ചത്. 17 വര്‍ഷത്തോളം നീണ്ട ഫസ്റ്റ് ക്ലാസ് കരിയറില്‍ 95 മത്സരങ്ങള്‍ സ്വന്തം സംസ്ഥാനമായ കര്‍ണാടകയ്‌ക്കായി കളിച്ചു. ഫസ്റ്റ് ക്ലാസ് കരിയറില്‍ 4796 റണ്‍സും 146 വിക്കറ്റും പേരിലുണ്ട്. 2013-14 സീസണില്‍ 443 റണ്‍സും 14 വിക്കറ്റുമായി കര്‍ണാടകയുടെ രഞ്ജി വിജയത്തില്‍ നിര്‍ണായകമായി. 

ഇന്ത്യന്‍ കുപ്പായത്തില്‍ സ്റ്റുവര്‍ട്ട് ബിന്നിയുടെ ഏറ്റവും മികച്ച പ്രകടനം 2014ലെ ബംഗ്ലാദേശ് പര്യടനത്തിലായിരുന്നു. മിര്‍പുരില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ 6/4 പ്രകടനവുമായി ഫോര്‍മാറ്റില്‍ ഒരു ഇന്ത്യന്‍ ബൗളറുടെ ഏറ്റവും മികച്ച പ്രകടനം നടത്തി. 2015 ഏകദിന ലോകകപ്പ് സ്‌ക്വാഡിലുണ്ടായിരുന്നെങ്കിലും കളിക്കാന്‍ അവസരം ലഭിച്ചില്ല. 2016ലാണ് അവസാനമായി ബിന്നി അന്താരാഷ്‌ട്ര മത്സരം കളിച്ചത്. 

ഐപിഎല്ലില്‍ 2010ല്‍ മുംബൈ ഇന്ത്യന്‍സിനൊപ്പമായിരുന്നു അരങ്ങേറ്റം. 2011 മുതല്‍ 2015 വരെ രാജസ്ഥാന്‍ റോയല്‍സിലെ സ്ഥിരാംഗങ്ങളിലൊരാളായി. രാജസ്ഥാന്‍ വിലക്ക് നേരിട്ടതോടെ 2016ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരത്തെ സൈന്‍ ചെയ്തു. ഐപിഎല്ലില്‍ 95 മത്സരങ്ങളില്‍ 880 റണ്‍സും 22 വിക്കറ്റുമാണ് സമ്പാദ്യം. 

അദേഹത്തെ ഉള്‍പ്പെടുത്തി ബാറ്റിംഗ് ശക്തിപ്പെടുത്തണം; ടീം ഇന്ത്യക്ക് വെംഗ്‌സര്‍കറുടെ ഉപദേശം

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona