കരണ്‍ ജോഹറുമൊത്തുള്ള 'കോഫി വിത്ത് കരണ്‍' ഷോയിലായിരുന്നു ഹര്‍ദിക് പാണ്ഡ്യയും കെ എല്‍ രാഹുലും വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്

മുംബൈ: വിവാദ കൊടുങ്കാറ്റ് സൃഷ്ടിച്ച ലൈംഗിക പരാമര്‍ശ വിവാദങ്ങളില്‍ മാസങ്ങള്‍ക്ക് ശേഷം പ്രതികരണവുമായി ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ. പന്ത് ഞങ്ങളുടെ കൈകളിലല്ല, എന്താണ് സംഭവിക്കുക എന്ന് മുന്‍കൂട്ടി അറിയാന്‍ കഴിയില്ല എന്നാണ് പാണ്ഡ്യയുടെ പ്രതികരണം. 

'എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് ക്രിക്കറ്റര്‍മാര്‍ എന്ന നിലയില്‍ തങ്ങള്‍ക്കറിയില്ല. പന്ത് ഞങ്ങളുടെ കോര്‍ട്ടിലല്ല, മറ്റുള്ളവരുടെ തട്ടകത്തിലാണ്. അവിടെ അവരാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. വികാരങ്ങളെ വ്രണപ്പെടുത്തുന്ന സ്ഥലമാണത്' എന്നും പാണ്ഡ്യ ഇന്ത്യ ടുഡേയോട് പറഞ്ഞു. കരണ്‍ ജോഹറുമൊത്തുള്ള 'കോഫി വിത്ത് കരണ്‍' ഷോയില്‍ കഴിഞ്ഞ വര്‍ഷമായിരുന്നു ഹര്‍ദിക് പാണ്ഡ്യയുടെയും കെ എല്‍ രാഹുലിന്‍റെയും സ്‌ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍. പിന്നാലെ ഓസ്‌ട്രേലിയക്കെതിരായ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയില്‍ നിന്ന് ഇവരെ സസ്‌പെന്‍ഡ് ചെയ്ത ബിസിസിഐ 20 ലക്ഷം രൂപ വീതം പിഴയൊടുക്കാനും താരങ്ങളോട് നിര്‍ദേശിച്ചു. 

നിരവധി സ്‌ത്രീകളുമായി തനിക്ക് ലൈംഗിക ബന്ധമുണ്ടെന്നും ഇത്തരം കാര്യങ്ങളെക്കുറിച്ച് മാതാപിതാക്കള്‍ അന്വേഷിക്കാറില്ലെന്നുമായിരുന്നു കരണിനോട് ഹര്‍ദിക് വെളിപ്പെടുത്തിയത്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ദിവസം ആ വിവരം മാതാപിതാക്കളോട് സംസാരിക്കാറുണ്ടെന്നും ഇത്തരം കാര്യങ്ങള്‍ അവര്‍ ചോദിക്കാതെ തന്നെയാണ് പറയുന്നതെന്നും ഹര്‍ദിക് കൂട്ടിച്ചേര്‍ത്തു. തന്‍റെ പോക്കറ്റില്‍ നിന്ന് 18 വയസിനുള്ളില്‍ പിതാവ് കോണ്ടം കണ്ടെത്തി ശാസിച്ച കാര്യമാണ് ഷോയില്‍ കെ എല്‍ രാഹുല്‍ തുറന്ന് പറഞ്ഞത്. 

വിവാദ പരാമര്‍ശങ്ങളില്‍ വലിയ വിമര്‍ശനമാണ് പാണ്ഡ്യയും രാഹുലും നേരിട്ടത്. സ്‌ത്രീവിരുദ്ധ പ്രസ്‌താവകളില്‍ വിശദീകരണം നല്‍കാന്‍ ഇരുവര്‍ക്കും ബിസിസിഐ ഓംബുഡ്‌സ്‌മാന്‍ ജസ്റ്റിസ്(റിട്ടയേര്‍ഡ്) ഡി കെ ജയിന്‍ നോട്ടീസ് നല്‍കിയിരുന്നു. 10 പാരാമിലിറ്ററി അംഗങ്ങളുടെ വിധവകളെ സഹായിക്കാന്‍ ഓരോ ലക്ഷം രൂപ വീതവും കാഴ്‌ചാപരിമിതരുടെ ക്രിക്കറ്റ് ടീമിന് 10 ലക്ഷം രൂപ വീതവും നല്‍കാന്‍ ഡി കെ ജയിന്‍ താരങ്ങളോട് ആവശ്യപ്പെട്ടിരുന്നു. 

പാണ്ഡ്യയും രാഹുലും പങ്കെടുത്ത ചാറ്റ് ഷോ വിവാദമായതിനെ തുടര്‍ന്ന് ഹോട്ട്‌സ്റ്റാര്‍ പിന്‍വലിച്ചിരുന്നു. വിവാദങ്ങളില്‍ ഇരുവരും മാപ്പ് പറഞ്ഞെങ്കിലും അച്ചടക്ക നടപടിയുമായി ബിസിസിഐ മുന്നോട്ടുപോയി. കോഫി വിത്ത് കരണ്‍ തന്‍റെ ഷോയാണെന്നും ഉത്തരവാദിത്വം തനിക്കാണെന്നും സമ്മതിച്ച് കരണ്‍ ജോഹര്‍ രംഗത്തെത്തിയിരുന്നു.