വ്യക്തിപരമായ കാരണങ്ങളാല്‍ മൊഹാലിയില്‍ അഫ്ഗാനിസ്ഥാനെതിരായ ആദ്യ ട്വന്റി 20യില്‍ കളിക്കാതിരുന്ന വിരാട് ഇന്‍ഡോറിലെ രണ്ടാം മത്സരത്തില്‍ കളത്തിലിറങ്ങും. വൈകിട്ട് ഏഴിനാണ് കളി തുടങ്ങുക.
ഇന്‍ഡോര്‍: അഫ്ഗാനിസ്ഥാനെതിരെ രണ്ടാം ട്വന്റി 20 മത്സരത്തിനിറങ്ങുമ്പോള്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ കാത്തിരിക്കുന്നത് ചരിത്രനേട്ടം. ട്വന്റി 20യില്‍ 150 മത്സരം കളിക്കുന്ന ആദ്യ താരമെന്ന നേട്ടമാണ് രോഹിത്തിന് സ്വന്തമാവുക. പതിനാല് മാസം ട്വന്റി 20യില്‍ നിന്ന് വിട്ടുനിന്ന രോഹിത് 149 മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്. 134 മത്സരം കളിച്ച അയര്‍ലന്‍ഡിന്റെ പോള്‍ സ്റ്റിര്‍ലിങ്ങും 28 മത്സരങ്ങള്‍ ജോര്‍ജ് ഡോക്രെല്ലുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. അന്താരാഷ്ട്ര ട്വന്റി 20യില്‍ 100 വിജയം നേടിയ ആദ്യ പുരുഷതാരവും രോഹിത്താണ്.
വ്യക്തിപരമായ കാരണങ്ങളാല്‍ മൊഹാലിയില്‍ അഫ്ഗാനിസ്ഥാനെതിരായ ആദ്യ ട്വന്റി 20യില്‍ കളിക്കാതിരുന്ന വിരാട് ഇന്‍ഡോറിലെ രണ്ടാം മത്സരത്തില്‍ കളത്തിലിറങ്ങും. വൈകിട്ട് ഏഴിനാണ് കളി തുടങ്ങുക. ലോകകപ്പിന് മുന്‍പുള്ള അവസാന ട്വന്റി 20 പരമ്പര സ്വന്തമാക്കാനാണ് ടീം ഇന്ത്യ ഇറങ്ങുന്നത്. മൊഹാലിയില്‍ തോറ്റ അഫ്ഗാനിസ്ഥാന്, പരമ്പരയില്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ ഇന്‍ഡോറില്‍ ജയം അനിവാര്യം. 158 റണ്‍സെടുത്ത അഫ്ഗാനിസ്ഥാനെതിരെ ആറ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം.
പതിനാല് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് കോലി ട്വന്റി 20 ടീമിലേക്ക് തിരിച്ചെത്തുന്നത്. ഇതുകൊണ്ടുതന്നെ ഇന്ത്യന്‍ നിരയില്‍ മാറ്റം ഉറപ്പ്. ജിതേഷ് ശര്‍മ്മയ്ക്ക് പകരം സഞ്ജു സാംസണ്‍ ടീമിലെത്തുമോയെന്നാണ് മലയാളി ക്രിക്കറ്റ് പ്രേമികളുടെ ആകാംക്ഷ. മികച്ച പ്രകടനത്തിലൂടെ ലോകകപ്പ് ടീമില്‍ സ്ഥാനം ഉറപ്പിക്കുകയാണ് റിങ്കു സിംഗ്, തിലക് വര്‍മ, ശിവം ദുബേ, രവി ബിഷ്‌ണോയ് തുടങ്ങിയവരുടെ ലക്ഷ്യം.
പരിക്കേറ്റ് പുറത്തായ റാഷിദ് ഖാന്റെ അഭാവം മറികടക്കുകയാണ് അഫ്ഗാനിസ്ഥാന്റെ വെല്ലുവിളി. ഗുര്‍ബാസ്, സാദ്രാന്‍, അസ്മത്തുള്ള, മുഹമ്മദ് നബി, മുജീബുര്‍ റഹ്മാന്‍ എന്നിവര്‍ ഉള്‍പ്പെട്ട അഫ്ഗാനിസ്ഥാനെ നിസാരക്കാരായി കാണാന്‍ ഇന്ത്യക്ക് കഴിയില്ല.
