2025-ൽ പാകിസ്ഥാനിൽ ഏറ്റവും കൂടുതൽ ഗൂഗിളിൽ തിരഞ്ഞ കായികതാരം ഇന്ത്യൻ യുവ ബാറ്റർ അഭിഷേക് ശർമ്മയാണെന്ന് റിപ്പോർട്ടുകൾ. ഏഷ്യാ കപ്പിലെ, പ്രത്യേകിച്ച് പാകിസ്ഥാനെതിരായ വെടിക്കെട്ട് പ്രകടനമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
ദില്ലി : 2025 അവസാന ലാപ്പിലെത്തിയിരിക്കുന്നു. തിരിഞ്ഞുനോക്കുമ്പോൾ, 2025 ൽ എല്ലാവർക്കും ഓർമ്മയിൽ തങ്ങിനിൽക്കുന്ന ചില നിമിഷങ്ങൾ ഉണ്ടാകും. ഈ വർഷം ഏറ്റവും കൂടുതൽ പേർ ഗൂഗിളിൽ തിരഞ്ഞതെന്തെന്ന ചർച്ചകളാണ് ലോകത്താകെ ഇപ്പോൾ സജീവമായിരിക്കുന്നത്. അതിനിടയിലാണ് പാകിസ്ഥാനികൾ 2025 ൽ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞ കായിക താരം ആരാണെന്ന വാർത്ത ഏവരെയും അമ്പരപ്പിച്ചിരിക്കുന്നത്. 2025 ൽ പാകിസ്ഥാനിൽ ഏറ്റവും കൂടുതൽ പേർ തിരഞ്ഞ കായികതാരം ഇന്ത്യയിൽ നിന്നുള്ള ഒരാളാണ് എന്നതിൽ ആർക്കും സംശയം വേണ്ടി. എന്നാൽ ആ താരം വിരാട് കോലിയാണെന്നോ, രോഹിത് ശർമ്മയാണെന്നോ ജസ്പ്രീത് ബൂംറയാണെന്നോ ആരങ്കിലും കരുതിയെങ്കിൽ തെറ്റി. അതൊരു സർപ്രൈസ് താരമാണെന്നതാണ് വാർത്താ കോളങ്ങളിൽ ഇടംപിടിക്കാൻ കാരണം.
ഇന്ത്യയുടെ യുവ ബാറ്റർ
ഇന്ത്യയുടെ യുവ ബാറ്റർ അഭിഷേക് ശർമ്മയാണ് പാകിസ്ഥാനികൾ 2025 ൽ ഏറ്റവുമധികം തിരഞ്ഞതെന്നാണ് ഗൂഗിൾ പറയുന്നത്. ട്വന്റി20 ക്രിക്കറ്റിൽ അതിവേഗത്തിൽ 1000 റൺസ് തികയ്ക്കുന്ന താരം എന്ന റെക്കോഡ് അടക്കം സ്വന്തമാക്കിയ ഇന്ത്യൻ താരമാണ് അഭിഷേക് ശർമ്മ. ഏഷ്യാ കപ്പിൽ 314 റൺസ് അടിച്ചുകൂട്ടി ഇന്ത്യയുടെ കിരീട നേട്ടത്തിലെ പ്രധാനിയായതും മറ്റാരുമല്ല. ഏഷ്യാകപ്പിൽ അഭിഷേകിന്‍റെ സ്ട്രൈക്ക് റേറ്റ് 200 ആയിരുന്നു.
ഏഷ്യാ കപ്പ് സൂപ്പർ 4 ഘട്ടത്തിൽ പാകിസ്ഥാനെതിരെ അഭിഷേക് അടിച്ചുകൂട്ടിയത് 39 പന്തിൽ 74 റൺസായിരുന്നു. അന്നത്തെ മത്സരത്തിലെ വമ്പൻ അടികളടക്കമുള്ള പ്രഹരശേഷിയാണ് പാകിസ്ഥാനിലെ ക്രിക്കറ്റ് പ്രേമികളുടെ കണ്ണ്, അഭിഷേകിലേക്ക് തിരിയാൻ കാരണം എന്നുറപ്പാണ്. 2025 ൽ 17 ടി 20 മത്സരങ്ങളിൽ നിന്ന് ഒരു സെഞ്ച്വറിയടക്കം അഭിഷേക് ശർമ്മ 756 റൺസ് നേടിയിട്ടുണ്ട്. പാകിസ്ഥാനടക്കമുള്ള ലോക ക്രിക്കറ്റ് ടീമുകൾ ഏറ്റവുമധികം പേടിക്കുന്ന ഇന്ത്യൻ യുവതാരങ്ങളിൽ മുന്നിലാണ് അഭിഷേക് എന്നതിൽ ആർക്കും തർക്കമുണ്ടാകില്ല. അതുതന്നെയാണ് അഭിഷേകിനെക്കുറിച്ച് കൂടുതൽ അറിയാൻ ഏവരും ഗുഗിളിൽ വിരലുകൾ അമർത്തുന്നതിന്‍റെ മറ്റൊരു കാരണവും.
അതേസമയം പാകിസ്ഥാനിലുള്ളവർ ഏറ്റവും കൂടുതൽ തിരഞ്ഞ ക്രിക്കറ്റ് മത്സരം ഇന്ത്യ - പാക് പോരാട്ടമോ, പാകിസ്ഥാൻ സൂപ്പർ ലീഗോ, ഏഷ്യാ കപ്പോ അല്ലെന്നതാണ് മറ്റൊരു യാഥാർത്ഥ്യം. പാകിസ്ഥാനും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള മത്സരത്തിന്‍റെ വിശേഷങ്ങളറിയാനാണ് ഏറ്റവും കൂടുതൽ പാകിസ്ഥാനികളും ഗൂഗിളിനെ ആശ്രയിച്ചതെന്നാണ് കണക്കുകൾ പറയുന്നത്.

