ഫൈനലിന് മുന്നോടിയായി ടീം ഇന്ത്യ ആത്മവിശ്വാസത്തിലാണെന്നാണ് നായകന്‍ രോഹിത് ശര്‍മ പറയുന്നത്. പ്രത്യേക ചാറ്റ് ഷോയിലാണ് ഇന്ത്യന്‍ നായകന്‍ മനസ് തുറന്നത്.
ലണ്ടന്‍: ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരെ കലാശപ്പോരിന് ഇറങ്ങുയാണ് ഇന്ത്യ. ബുധനാഴ്ച്ച ഓവലിലാണ് മത്സരം. 2011 ഏകദിന ലോകകപ്പ് നേട്ടത്തിന് ശേഷം ഒരു ഐസിസി കിരീടമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. പ്രഥമ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ, ന്യൂസിലന്‍ഡിനോട് പരാജയപ്പെട്ടിരുന്നു. ഇത്തവണ, ഫൈനലിന് ആദ്യ യോഗ്യത നേടിയത് പാറ്റ് കമ്മിന്‍സിന്റെ നേതൃത്വത്തിലിറങ്ങിയ ഓസ്ട്രേലിയയാണ്.
ഫൈനലിന് മുന്നോടിയായി ടീം ഇന്ത്യ ആത്മവിശ്വാസത്തിലാണെന്നാണ് നായകന്‍ രോഹിത് ശര്‍മ പറയുന്നത്. പ്രത്യേക ചാറ്റ് ഷോയിലാണ് ഇന്ത്യന്‍ നായകന്‍ മനസ് തുറന്നത്. ''ഓസ്‌ട്രേലിയക്കെതിരായ സമീപകാല വിജയങ്ങള്‍ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ടീമിന് ആത്മവിശ്വാസം നല്‍കുന്നുണ്ട്. ഐപിഎലില്‍ നിന്ന് നേരിട്ട് ടെസ്റ്റ് ക്രിക്കറ്റിലേക്ക് വരുന്നത് തന്നെയും ടീമിനെയും ബാധിക്കില്ല. പരിചയസമ്പന്നരായ താരങ്ങളുള്ളതാണ് ടീമിന്റെ കരുത്ത്. അടുത്തകാലത്ത് ഓസീസിനെതിരെ അവരുടെ നാട്ടിലും ഇന്ത്യക്ക് ജയിക്കാന്‍ സാധിച്ചതും സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു.'' രോഹിത് പറഞ്ഞു.
പരിചയസമ്പന്നരായ താരങ്ങളുള്ളതാണ് ടീമിന്റെ കരുത്തെന്ന് ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സും പറഞ്ഞു. രണ്ട് മികച്ച ടീമുകള്‍ ഏറ്റുമുട്ടുകള്‍ ആരാധകര്‍ക്ക് മികച്ചൊരു മത്സരം തന്നെ ലഭിക്കുമെന്ന പ്രതീക്ഷയും ഇരുനായകന്മാരും പങ്കുവച്ചു.
ഫൈനലിനുള്ള ഇന്ത്യന്‍ ടീമിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ തവണ വിരാട് കോലിയുടെ കീഴിലാണ് ഇന്ത്യ ഇറങ്ങിയിരുന്നത്. ഇത്തവണ രോഹിത് ശര്‍മയാണ് ഇന്ത്യയെ നയിക്കുന്നത്. റിഷഭ് പന്ത്, കെ എല്‍ രാഹുല്‍, ജസ്പ്രിത് ബുമ്ര എന്നിവരില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്.
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, കെ എസ് ഭരത് (വിക്കറ്റ് കീപ്പര്‍), രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ഷര്‍ദ്ദുല്‍ താക്കൂര്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയ്‌ദേവ് ഉനദ്കട്ട്, ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍).
സ്റ്റാന്‍ഡ്‌ബൈ താരങ്ങള്‍
യശസ്വി ജയ്‌സ്വാള്‍, മുകേഷ് കുമാര്‍, സൂര്യകുമാര്‍ യാദവ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം

