ഓക്‌ലന്‍ഡ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മത്സരക്രമത്തെ കുറിച്ച് വിരാട് കോലി ഉന്നയിച്ച പരസ്യവിമര്‍ശനത്തില്‍ ബിസിസിഐക്ക് അതൃപ്തി. മാധ്യമങ്ങളോടല്ല, ബിസിസിഐ ഭാരവാഹികളോടാണ് പരാതി പറയേണ്ടതെന്ന് ബോര്‍ഡിലെ ഉന്നതര്‍ അഭിപ്രായപ്പെട്ടു. വിമാനം ഇറങ്ങി നേരേ സ്റ്റേഡിയത്തില്‍ പോകേണ്ട കാലം വരുമെന്നായിരുന്നു കോലിയുടെ പ്രസ്താവന. 

ഞായറാഴ്ച രാത്രി ഓസ്‌ട്രേലിയക്കെതിരെ അവസാന ഏകദിനം വിജയിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് ഇന്ത്യന്‍ താരങ്ങള്‍ ന്യൂസിലന്‍ഡിലേക്ക് വിമാനം കയറിയത്. ഇതിനെ കുറിച്ചാണ് കോലി പറഞ്ഞത്. ''16 മണിക്കൂര്‍ നീണ്ട വിമാനയാത്രയ്ക്ക് ശേഷം മര്യാദയ്‌ക്കൊരു പരിശീലന സെഷന്‍ പോലുമില്ലാതെ ആദ്യ ടി20 കളിക്കേണ്ടി വന്നു. വ്യത്യസ്തമായ ടൈം സോണുള്ള ന്യൂസിലന്‍ഡിലെ സാഹചര്യവുമായി പൊരുത്തപ്പെടാന്‍ പോലും താരങ്ങള്‍ക്ക് സമയം കിട്ടിയില്ല.'' ഇതായിരുന്നു കോലിയുടെ പ്രതികരണം.

ന്യൂസിലന്‍ഡ് പര്യടനത്തിനള്ള മത്സരക്രമം തയ്യാറാക്കിയത് വിനോദ് റായ് അധ്യക്ഷനായ മുന്‍ ഭരണസമിതിയാണ്. പരാതിയുണ്ടെങ്കില്‍ തന്നെ മാധ്യമങ്ങളോടല്ല, ബിസിസിഐ സെക്രട്ടറിയോടാണ് പറയേണ്ടതെന്ന് ബോര്‍ഡ് പ്രതിനിധിന്നതന്‍ അഭിപ്രായപ്പെട്ടു. ദീപാവലി ദിവസങ്ങളില്‍ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്നെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടി.