മത്സരം സമനിലയില്‍ അവസാനിച്ചെങ്കിലും ഇന്ത്യക്ക് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലേക്ക് യോഗ്യത നേടാന്‍ സാധിച്ചു. അതിന് പ്രധാനമായും നന്ദി പറയേണ്ടത് ന്യൂസിലന്‍ഡിനോടാണ്.
അഹമ്മദാബാദ്: ഓസ്‌ട്രേലിയക്കെതിരെ അവസാന ടെസ്റ്റ് ഇന്ത്യക്ക് നിര്‍ണായകമായിരുന്നു. മത്സരം സമനിലയില്‍ അവസാനിച്ചെങ്കിലും ഇന്ത്യക്ക് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലേക്ക് യോഗ്യത നേടാന്‍ സാധിച്ചു. അതിന് പ്രധാനമായും നന്ദി പറയേണ്ടത് ന്യൂസിലന്‍ഡിനോടാണ്. വെല്ലിംഗ്ടണില്‍ ന്യൂസിലന്‍ഡ്, ശ്രീലങ്കയെ ത്രില്ലര്‍ മാച്ചില്‍ മറികടന്നതോടെയാണ് ഇന്ത്യക്ക് യോഗ്യത ഉറപ്പായത്. എന്തായാലും ഇന്ത്യന്‍ കോച്ച് രാഹുല്‍ ദ്രാവിഡ് ന്യൂസിലന്‍ഡിനോട് നന്ദി പറയാനും മറന്നില്ല.
മത്സരശേഷം ദ്രാവഡ് വ്യക്തമാക്കിയതിങ്ങനെ... ''കളിക്കുന്ന എല്ലാ ടെസ്റ്റിലും ഫലമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനുള്ള യോഗ്യതയും ഉറപ്പാക്കേണ്ടതുണ്ടായിരുന്നു. ന്യൂസിലന്‍ഡ്- ശ്രീലങ്ക പരമ്പരയുടെ പ്രധാന്യം ഇല്ലാതാക്കാന്‍ ഞങ്ങള്‍ക്ക് പരമ്പരയിലെ മൂന്ന് മത്സരങ്ങളും ജയിക്കണമായിരുന്നു. അഹമ്മദാബാദില്‍ ടോസ് നിര്‍ണായകമായിരുന്നു. എന്നാല്‍ ആദ്യ ദിവസങ്ങളില്‍ ഓസീസ് ബാറ്റ് ചെയ്ത രീതി ഞങ്ങളെ പിന്നോട്ടടിപ്പിച്ചു. ന്യൂസിലന്‍ഡ്- ശ്രീലങ്ക ടെസ്റ്റിന്റെ വിധി ആശ്രയിക്കേണ്ട അവസ്ഥയായി. ശ്രീലങ്ക മത്സരം ജയിക്കരുതെന്ന് ആഗ്രഹിച്ചിരുന്നു. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് രണ്ട് വര്‍ഷം നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റാണ്. എല്ലാ ടീമുകളും ഇക്കാലയളവില്‍ ആറ് പരമ്പരകള്‍ വീതം കളിക്കുന്നു. അതുകൊണ്ടുതന്നെ മറ്റൊരു മത്സരഫലത്തെ ആശ്രയിക്കേണ്ടി വരുന്നത് സ്വാഭാവികമാണ്. രസകരമായ സംഭവം എന്തെന്നുവച്ചാല്‍, ഐസിസി ടൂര്‍ണമെന്റുകളില്‍ മിക്ക സമയങ്ങളിലും ന്യൂസിലന്‍ഡ് ഞങ്ങളെ പുറത്താക്കാറുണ്ട്. എന്നാല്‍ ഇത്തവണ നേരെ തിരിച്ചാണ് സംഭവിച്ചത്. അവരില്‍ നിന്ന് പിന്തുണ ലഭിച്ചു. അവരോട് കടപ്പെട്ടിരിക്കുന്നു.'' ദ്രാവിഡ് മത്സരശേഷം പറഞ്ഞു.
നാലാം ടെസ്റ്റ് സമനിലയില്‍ അവസാനിച്ചിരുന്നു. രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ഓസ്ട്രേലിയ അവസാന ദിനം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെടുത്തിരിക്കെ മത്സരം അവസാനിപ്പിക്കുകയായിരുന്നു. മര്‍നസ് ലബുഷെയ്ന്‍ (63), സ്റ്റീവന്‍ സ്മിത്ത് (10) എന്നിവര്‍ പുറത്താവാതെ നിന്നു. ട്രാവിസ് ഹെഡ് (90), മാത്യു കുനെമന്‍ (6) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. ആര്‍ അശ്വിന്‍, അക്സര്‍ പട്ടേല്‍ എന്നിവര്‍ക്കാണ് വിക്കറ്റ്. സ്‌കോര്‍: ഓസ്ട്രേലിയ 480, 175 & ഇന്ത്യ 571. നേരത്തെ ഓസീസിന്റെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 480നെതിരെ ഇന്ത്യ 571ന് പുറത്താവുകയായിരുന്നു. വിരാട് കോലി (186), ശുഭ്മാന്‍ ഗില്‍ (128) എന്നിവരാണ് ഓസീസിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. സമനിലയോടെ പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കി.
മുഹമ്മദ് ഷമിക്കുനേരെയുള്ള ആരാധകരുടെ ജയ് ശ്രീറാം വിളി; പ്രതികരിച്ച് രോഹിത് ശര്‍മ
