ആദ്യ ഏകദിനത്തില്‍ 19ന് പുറത്തായ സൂര്യ, ഇന്നലെ 24 റണ്‍സെടുത്തും മടങ്ങി. എന്നാലിപ്പോള്‍ സൂര്യയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുയാണ് കോച്ച് രാഹുല്‍ ദ്രാവിഡ്
ബാര്‍ബഡോസ്: ഏകദിന ഫോര്‍മാറ്റില്‍ മോശം ഫോമിലാണ് ഇന്ത്യന്‍ താരം സൂര്യകുമാര്‍ യാദവ്. വെസ്റ്റ് ഇന്‍ഡീസിനെതിരെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും അദ്ദേഹം നിരാശപ്പെടുത്തി. ടി20 ഫോര്‍മാറ്റില്‍ മികച്ച പ്രകടനം പുറത്തെടുക്കുമ്പോള്‍ ഏകദിനത്തില്‍ ആവര്‍ത്തിക്കാന്‍ സൂര്യക്കാവുന്നില്ല. ആദ്യ ഏകദിനത്തില്‍ 19ന് പുറത്തായ സൂര്യ, ഇന്നലെ 24 റണ്‍സെടുത്തും മടങ്ങി. എന്നാലിപ്പോള്‍ സൂര്യയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുയാണ് കോച്ച് രാഹുല്‍ ദ്രാവിഡ്.
സൂര്യക്ക് ഇനിയും അവസരം ലഭിക്കേണ്ടതുണ്ടെന്നാമ് ദ്രാവിഡ് പറയുന്നത്. ''സൂര്യകുമാര്‍ യാദവ് മികച്ച താരമാണെന്നുള്ളതില്‍ സംശയമൊന്നുമില്ല. എന്നാല്‍ ഏകദിന മത്സരങ്ങളിലെ പ്രകടനങ്ങള്‍ ടി20 ഫോര്‍മാറ്റിന് ഒപ്പമെത്തുന്നില്ലെന്ന് അദ്ദേഹം മനസിലാക്കണം. സൂര്യയും ഏകദിന ക്രിക്കറ്റ് പഠിച്ചുകൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന് ഇനിയും അവസരങ്ങള്‍ നല്‍കണം. പിന്നെയുള്ളതെല്ലാം അദ്ദേഹത്തിന്റെ കയ്യിലാണ്.'' ദ്രാവിഡ് പറഞ്ഞു.
കോലിയും രോഹിത്തും കളിക്കാത്തതിനെ കുറിച്ചും ദ്രാവിഡ് സംസാരിച്ചു. ''ചില താരങ്ങള്‍ക്ക് പരിക്കേറ്റു. അവര്‍ ഇപ്പോഴും നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലാണ്. എപ്പോള്‍ തിരിച്ചെത്തുമെന്നുള്ള കാര്യത്തില്‍ ഉറപ്പൊന്നുമില്ല. അതുകൊണ്ടുതന്നെ മറ്റുതാരങ്ങള്‍ക്ക് അവസരം നല്‍കേണ്ടിവരും. ആവശ്യമെങ്കില്‍ മാത്രം അവരെ കളിപ്പിച്ചാല്‍ മതി. കാരണം ഏഷ്യാ കപ്പിന് മുമ്പ് നമുക്ക് 2-3 മത്സരങ്ങളെ ബാക്കിയുള്ളൂ. പരിക്കേല്‍ക്കാതെ നോക്കേണ്ടതുണ്ട്.'' ദ്രാവിഡ് മത്സരശേഷം വ്യക്തമാക്കി.
ആറ് വിക്കറ്റിന്റെ തോല്‍വിയാണ് ഇന്ത്യക്കുണ്ടായത്. ബ്രിഡ്ജ്ടൗണ്‍, കെന്‍സിംഗ്ടണ്‍ ഓവലില്‍ സഞ്ജു സാംസണ്‍ (9) ഉള്‍പ്പെടെയുള്ള താരങ്ങള്‍ നിരാശപ്പെടുത്തിയപ്പോള്‍ ഇന്ത്യ 40.5 പന്തില്‍ 181ന് പുറത്തായി. മറുപടി ബാറ്റിംഗില്‍ വിന്‍ഡീസ് 36.4 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഷായ് ഹോപ് (63), കീസി കാര്‍ട്ടി (48) എന്നിവര്‍ പുറത്താവാതെ നേടിയ ഇന്നിംഗ്സാണ് വിന്‍ഡീസിന് തുണയായത്.
വിന്‍ഡീസിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ച ഷായ് ഹോപ്പാണ് മത്സരത്തിലെ താരം. വിന്‍ഡീസിന്റെ ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇരുവരും ഒപ്പമെത്തി. മൂന്നാം ഏകദിനം ചൊവ്വാഴ്ച്ച ട്രിനിഡാഡില്‍ നടക്കും.
