ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്‍റെ എക്കാലത്തെയും മികച്ച ബാറ്ററായാണ് മിതാലി രാജ് വിലയിരുത്തപ്പെടുന്നത്
ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം മിതാലി രാജിന് (Mithali Raj) ഇന്ന് 39-ാം പിറന്നാള്‍. ഏകദിനത്തിലും ടെസ്റ്റിലും ഇന്ത്യന്‍ വനിതാ ടീമിനെ നയിക്കുന്ന മിതാലി ഏകദിനത്തിലെ ഉയര്‍ന്ന റണ്‍വേട്ടക്കാരിയാണ്(7391 റണ്‍സ്). രാജ്യത്തിന്‍റെ എക്കാലത്തെയും മികച്ച വനിതാ ക്രിക്കറ്ററായി വിശേഷിപ്പിക്കപ്പെടുന്ന മിതാലിയുടെ പേരിലാണ് മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യന്‍ വനിതകളില്‍ റണ്‍വേട്ടയുടെ റെക്കോര്‍ഡ്. മിതാലിക്ക് ഐസിസിയും (ICC) ബിസിസിഐയും (BCCI) ജന്‍മദിനാശംസകള്‍ നേര്‍ന്നു.

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്‍റെ എക്കാലത്തെയും മികച്ച ബാറ്ററായാണ് മിതാലി രാജ് വിലയിരുത്തപ്പെടുന്നത്. 321 രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് 10,454 റണ്‍സാണ് മിതാലിയുടെ സമ്പാദ്യം. രണ്ട് പതിറ്റാണ്ട് നീണ്ട കരിയറില്‍ ഇന്ത്യയില്‍ നിന്ന് രണ്ട് ഏകദിന ലോകകപ്പ് ഫൈനലുകള്‍ കളിച്ച ഏക ക്യാപ്റ്റനാണ്.
16-ാം വയസില്‍ ഏകദിന അരങ്ങേറ്റത്തില്‍ പുറത്താകാതെ 114 റണ്‍സ് നേടിയാണ് മിതാലി രാജ്യാന്തര ക്രിക്കറ്റില്‍ വരവറിയിച്ചത്. ഏകദിനത്തിലെ പ്രായം കുറഞ്ഞ(16 വയസും 205 ദിവസവും) സെഞ്ചുറിക്കുടമയായി ഇതോടെ താരം. 19 വയസും 254 ദിവസവും പ്രായമുള്ളപ്പോള്‍ ടെസ്റ്റ് ഇരട്ട സെഞ്ചുറി കണ്ടെത്തി ഈ നേട്ടത്തിലും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡിട്ടു. 22 വയസും 353 ദിവസവും പ്രായമുള്ളപ്പോള്‍ ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റനായത് മിതാലിയുടെ പ്രതിഭയ്‌ക്ക് ലഭിച്ച വലിയ അംഗീകാരമായി.
ഏകദിനത്തില്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ കൂടുതല്‍ മത്സരം കളിച്ച വനിതാ താരവും(143) മിതാലിയാണ്. ഏകദിനത്തില്‍ തുടര്‍ച്ചയായി ഏഴ് അര്‍ധ സെഞ്ചുറി നേടിയ ആദ്യ വനിതാ താരമാണ്. രാജ്യാന്തര ടി20യില്‍ വേഗത്തില്‍ 2000 റണ്‍സ് ക്ലബിലെത്തിയ രണ്ടാമത്തെ താരമെന്ന നേട്ടവും സ്വന്തം.
