മുംബൈ: ഏകദിനത്തില്‍ നിന്ന് വിരമിച്ച ലങ്കന്‍ പേസര്‍ ലസിത് മലിംഗയ്ക്ക് ആശംസകള്‍ അറിയിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ലോകം. രോഹിത് ശര്‍മ, ജസ്പ്രീത് ബൂമ്ര, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സുരേഷ് റെയ്‌ന, മുഹമ്മദ് കൈഫ് എന്നിവരെല്ലാം മലിംഗയ്ക്ക് ട്വിറ്ററില്‍ ആശംസ അറിയിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരമായ മലിംഗ കഴിഞ്ഞ ദിവസമാണ് വിരമിച്ചത്.

മുംബൈ ഇന്ത്യന്‍സിലെ മാച്ച് വിന്നര്‍മാരുടെ പട്ടികയില്‍ മലിംഗ സ്ഥാനം മുകളിലുണ്ടാവുമെന്ന് രോഹിത് ട്വിറ്ററില്‍ പറഞ്ഞു. ഒരു ക്യാപ്റ്റനെന്ന നിലയില്‍ എനിക്ക് സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ മലിംഗ വലിയ ആശ്വാസമായിട്ടുണ്ട്. ടീമില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം ഏറെ പ്രാധാന്യമര്‍ഹിക്കുന്നുവെന്നും രോഹിത് പറഞ്ഞു.

ക്രിക്കറ്റിന് വേണ്ടി ചെയ്തതിനെല്ലാം കടപ്പെട്ടിരിക്കുന്നുവെന്ന് ജസപ്രീത് ബൂമ്ര കുറിച്ചിട്ടു. എപ്പോഴും ആരാധന തോന്നിയ വ്യക്തിയാണ് നിങ്ങള്‍. അത് തുടരും. ഇന്ത്യന്‍ പേസര്‍ വ്യക്തമാക്കി. 

ലങ്കന്‍ ഇതിഹാസത്തിന് തുടര്‍ന്നുള്ള ജീവിതത്തിലും ആശംസകള്‍ അറിയിക്കുന്നതായി സുരേഷ് റെയ്‌ന ട്വിറ്ററില്‍ പറഞ്ഞു. സച്ചിനും ലങ്കന്‍ ചാംപ്യന് ആശംസ അറിയിച്ച് ട്വീറ്റ് പോസ്റ്റ് ചെയ്തിരുന്നു. ക്രിക്കറ്റിന്റെ എല്ലാ കാലത്തയും അംബാസിഡര്‍മാരില്‍ ഒരാളാണ് മലിംഗയെന്ന് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. ഇരുവരും ഒരുമിച്ചിരിക്കുന്ന ഫോട്ടോയും കൈഫ് ട്വീറ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്. 

മുംബൈ ഇന്ത്യന്‍സില്‍ ഒരുമിച്ച് കളിച്ച ബംഗ്ലാദേശി പേസര്‍ മുസ്തഫിസുര്‍ റഹ്മാനും മലിംഗയ്ക്ക് ആശംസ അറിയിച്ചു. ഒരുമിച്ച് ഒരു ഡ്രസിങ് റൂം പങ്കിടാന്‍ സാധിച്ചത് ഭാഗ്യമായി കരുതുന്നുവെന്ന് മുസ്തഫിസുര്‍ പറഞ്ഞു.