ജൂണില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അഞ്ച് ടി20കളുടെ പരമ്പരയാണ് നാട്ടില്‍ ടീം ഇന്ത്യ കളിക്കുന്നത്

മുംബൈ: ടി20 ലോകകപ്പിന്(ICC Men's T20 World Cup 2022) മുമ്പ് വരെ ടീം ഇന്ത്യക്ക്(Team India) മാരത്തണ്‍ ക്രിക്കറ്റ് പരമ്പരകള്‍. ജൂണില്‍ ഇന്ത്യ-ദക്ഷിണാഫ്രിക്ക(India vs South Africa) പരമ്പരയോടെയാണ് ആറ് മാസം നീളുന്ന ക്രിക്കറ്റ് മത്സരങ്ങളുടെ ആരംഭം. ടീം ഇന്ത്യ അയര്‍ലന്‍ഡ്, ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക എന്നിവിടങ്ങളില്‍ പര്യടനം നടത്തും. പിന്നാലെ ഏഷ്യാ കപ്പും ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പരയും ലോകകപ്പിന് മുമ്പ് അരങ്ങേറും. 

ജൂണില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അഞ്ച് ടി20കളുടെ പരമ്പരയാണ് നാട്ടില്‍ ടീം ഇന്ത്യ കളിക്കുന്നത്. ഇതിന് ശേഷം ജൂണില്‍ തന്നെ രണ്ട് ടി20കള്‍ അയര്‍ലന്‍ഡിലും ഇംഗ്ലണ്ടില്‍ ജൂണ്‍-ജൂലൈ മാസങ്ങളിലായി ഒരു ടെസ്റ്റും മൂന്ന് വീതം ഏകദിനങ്ങളും ടി20യും കളിക്കും. ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലായി മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20യുമാണ് വെസ്റ്റ് ഇന്‍ഡീസില്‍ നടക്കുക. ഓഗസ്റ്റില്‍ ശ്രീലങ്കയില്‍ രണ്ട് ടി20കള്‍. ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളിലാണ് ഏഷ്യാ കപ്പ് അരങ്ങേറുക. സെപ്റ്റംബറില്‍ മൂന്ന് ടി20കള്‍ക്കായി ഓസീസ് ടീം ഇന്ത്യയിലെത്തും. ഇതിന് ശേഷം ഒക്‌ടോബര്‍-നവംബര്‍ മാസങ്ങളിലായി ഓസ്‌ട്രേലിയയിലാണ് ടി20 ലോകകപ്പ് നടക്കുക. 

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. കെ എല്‍ രാഹുലാണ് ടീമിനെ നയിക്കുക. റിഷഭ് പന്താണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. ഇഷാന്‍ കിഷന്‍, വെറ്ററന്‍ താരം ദിനേശ് കാര്‍ത്തിക് എന്നിവര്‍ ടീമിലെത്തി. ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ തിരിച്ചുവരവാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. പേസ് സെന്‍സേഷന്‍ ഉമ്രാന്‍ മാലിക്, ഇടങ്കയ്യന്‍ പേസര്‍ അര്‍ഷ്ദീപ് സിംഗ് എന്നിവരേയും ടീമില്‍ ഉള്‍പ്പെടുത്തി. മൂന്ന് ഫോര്‍മാറ്റിലും കളിക്കുന്ന താരങ്ങള്‍ക്കെല്ലാം ടി20 പരമ്പരയില്‍ വിശ്രമം അനുവദിച്ചിട്ടുണ്ട്. ജൂണ്‍ ഒമ്പതിനാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടി20. 

ടി20 ടീം: കെ എല്‍ രാഹുല്‍(ക്യാപ്റ്റന്‍), റുതുരാജ് ഗെയ്കവാദ്, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ, വെങ്കടേഷ് അയ്യര്‍, യുസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ആവേഷ് ഖാന്‍, അര്‍ഷ്‌ദീപ് സിംഗ്, ഉമ്രാന്‍ മാലിക്. 

IND vs SA : ഇന്ത്യയെ രാഹുല്‍ നയിക്കും, സഞ്ജു പുറത്ത്; ദിനേശ് കാര്‍ത്തികും ഹാര്‍ദിക് പാണ്ഡ്യയും തിരിച്ചെത്തി