മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലന ക്യാംപ് ദുബായിലേക്ക് മാറ്റിയേക്കും. ഇന്ത്യയില്‍ കൊവിഡ് വ്യാപനം ശക്തമായതിനെ തുടര്‍ന്നാണ് തീരുമാനം. അടുത്തിടെ ചേര്‍ന്ന അപെക്‌സ് കൗണ്‍സിലിലാണ് തീരുമാനം. കഴിഞ്ഞ ദിവസം ഓണ്‍ലൈനായി ചേര്‍ന്ന യോഗമാണ് ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തത്.

ക്യാംപിനായി ദുബായിക്കു പുറമേ അഹമ്മദാബാദ്, ധരംശാല എന്നിവിടങ്ങളും പരിഗണനയിലുണ്ട്. എന്നാല്‍, രാജ്യത്തു കോവിഡ് കേസുകള്‍ കൂടിവരുന്നതിനാല്‍ അഹമ്മദാബാദും ധരംശാലയും സുരക്ഷിതമല്ലെന്നാണു ബിസിസിഐ നിലപാട്. 

അതേസമയം ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് യുഎഇലേക്ക് മാറ്റാനും ബിസിസിഐ ആലോചിക്കുന്നുണ്ട്. ഐപിഎല്ലുമായി ബന്ധപ്പെട്ട അന്തിമ തീരുമാനമെടുക്കേണ്ടത് ഐപിഎല്‍ ഗവേണിങ് കൗണ്‍സിലാണ്. 

ഐപില്‍ ഇന്ത്യയില്‍ നടക്കില്ലെന്ന് ഉറപ്പായ സാഹചര്യത്തിലാണ് യുഎഇയിലേക്ക് മറ്റാന്‍ ആലോചിക്കുന്നത. അതിനിടെ ചില ഫ്രാഞ്ചൈസികള്‍ യുഎഇയില്‍ താരങ്ങളെ താമസിപ്പിക്കാനുള്ള ഹോട്ടലുകള്‍ തിരയുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. 

മാത്രമല്ല, ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കായുള്ള ശ്രമങ്ങളും തുടങ്ങികഴിഞ്ഞു. ഒരു ഐപിഎല്‍ ഫ്രാഞ്ചൈസിയുടെ വക്താവാണ് ഇക്കാര്യം വ്യക്തമാക്കിയത്. അബുദാബിയിലാണ് ഫ്രാഞ്ചൈസി താമസിക്കാന്‍ ആലോചികുന്നത്.